പ്രൊഫസർ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ നേതാവ് എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവം:സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി തള്ളി,റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടാൻ കോടതി ഉത്തരവ്

കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതി തള്ളി.
റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. നിയമസാധുതയില്ലാത്ത ഉത്തരവിറക്കിയ സർക്കാരിനെയും ഉത്തരവ് അനുസരിച്ച് കണ്ണുമടച്ച് പിൻവലിക്കൽ ഹർജിയുമായെത്തിയ സർക്കാർ അഭിഭാഷകയെയും കോടതി രൂക്ഷമായി വിമർശിച്ചു.
കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി കുറ്റം ചുമത്തലിന് പ്രതികൾ ഹാജരാകാനും ഉത്തരവിട്ടു. വസ്തുതകൾ വിലയിരുത്താതെ സർക്കാരിൻ്റെ പിൻവലിക്കൽ ഉത്തരവ് അതേപടി വിഴുങ്ങി കണ്ണുമടച്ച് പിൻവലിക്കൽ ഹർജി സമർപ്പിച്ച അസി.പബ്ലിക് പ്രോസിക്യൂട്ടർ ഉമ നൗഷാദിനെ കോടതി ശാസിച്ചു.
സർക്കാരിൻ്റെ ഏജൻ്റായും സർക്കാരിൻ്റെ ഉപകരണമായും പ്രവർത്തിച്ച പ്രോസിക്യൂട്ടർ സ്വതന്ത്രമായ മനസ് അർപ്പിക്കാതെയാണ് ഹർജി സമർപ്പിച്ചത്. ഹർജിക്ക് യാതൊരു ഉത്തമ വിശ്വാസവുമില്ല.
ബാഹ്യ പ്രേരണക്ക് വശം വദയായി സർക്കാരിൻ്റെ ആജ്ഞക്ക് മുമ്പിൽ കുമ്പിട്ടു നിന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി നിയമ നടപടികളുടെ ദുരുപയോഗമാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള അന്യായ ഇടപെടലാണെന്നും നിരീക്ഷിച്ചാണ് മജിസ്ട്രേട്ട് എ. അനീസ ഹർജി തള്ളിയത്.
കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. വിജയലക്ഷ്മി കോടതിയിൽ കൗണ്ടർ ഹർജി ഫയൽ ചെയ്തിരുന്നു. കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജിക്കെതിരെയാണ് പ്രൊഫസർ കോടതി മുമ്പാകെ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സർക്കാരിൻ്റെ കേസ് പിൻവലിക്കൽ ഹർജിയുടെ നിലനിൽപ്പും നിയമ സാധുതയും വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടിരുന്നു.
ഇരയെ കേൾക്കാതെ കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളിയിരുന്നു. ഇരയുടെ ഭാഗം കേൾക്കാതെ സർക്കാരിന്റെ പിൻവലിക്കൽ ഹർജിയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറോട് വ്യക്തമാക്കിയിരുന്നു.
ഇരയറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി ഇരയുടെ ഭാഗം കേൾക്കാനായി പ്രൊഫസർക്ക് നോട്ടീസയച്ചത്. തുടർന്നാണ് പ്രൊഫസർ സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹർജി സമർപ്പിച്ചത്.
https://www.facebook.com/Malayalivartha