വിഎസിനെ തോല്‍പ്പിച്ച മാരാരിക്കുളം ഗ്രൂപ്പിസം

ആലപ്പുഴ സിപിഎമ്മിനുള്ളില്‍ നീറിപ്പുകയുന്ന വിഭാഗീയതയുടെ കനല്‍ കാണുമ്പോള്‍ ഒരു പക്ഷെ വിപ്ലവനായകന്‍ വിഎസ് അച്യുതാനന്ദന്റെ മനസില്‍ ഇപ്പോള്‍ ലഡു പൊട്ടുന്നുണ്ടാകും. 1996ല്‍ തന്നെ പിന്നിലും മുന്നിലും നിന്നു ചവിട്ടിയവരിലെ ചില പിണിയാളുകളാണ് ഇപ്പോള്‍ ആലപ്പുഴയിലെ വിഭാഗീയതയില്‍ വെള്ളംകുടിക്കുന്നതെന്നോര്‍ന്ന് വിഎസ് ചിരിക്കുന്നുണ്ടാകും.
വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ വാട്ടര്‍ലൂവായിരുന്നു 1996 ലെ മാരാരിക്കുളത്തെ ഞെട്ടിച്ച തോല്‍വി. കേരള മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ വിഎസ് അന്നു കോണ്‍ഗ്രസിലെ സാധാരണക്കാരനായിരുന്ന പിജെ ഫ്രാന്‍സിസിനോടു തോറ്റു തന്നംപാടിയ ചരിത്രം. ഇക്കാലത്തെ ആലപ്പുഴ സിപിഎം വിഭാഗീയതയോടു ചേര്‍ത്തുവായിക്കണം അന്നത്തെ മാരാരിക്കുളം തോല്‍വി.
രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെ മാത്രം ഓര്‍മിച്ചെടുക്കാറുള്ള ദയനീയ പരാജയം. കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച അട്ടിമറി തോല്‍വിയായിരുന്നു മാരാരിക്കുളത്ത് വി.എസിനുണ്ടായത്.
എല്‍ഡിഎഫ് കേരളത്തില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ച ആ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനം അവസാനം ഇഎംഎസിന്റെ പിന്തുണയിലല്‍ ഇകെ.നായനാരെ തേടിയെത്തി. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാതിരുന്ന നായനാര്‍ക്ക് ആറു മാസത്തിനുള്ളില്‍ തലശേരി മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കേണ്ടി വന്നു.
അവിടെയും സുശീല ഗോപാലന്‍ എന്ന വനിതാനേതാവ് മുഖ്യമന്ത്രിസ്ഥാനത്ത് അപ്രതീക്ഷിതമായി വെട്ടിനിരത്തപ്പെട്ടു. കെആര്‍ ഗൗരിയമ്മയെ സിപിഎം മുഖ്യമന്ത്രിസ്ഥാനത്ത് വെട്ടിനിരത്തിയതുപോലെ എകെ ഗോപാലന്റെ ഭാര്യ സുശീലയും മുഖ്യകസേരയ്ക്ക് പുറത്തുപോയി.
കമ്മ്യുണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദനെ അട്ടിമറിച്ചതോടെ രാഷ്ട്രീയ ഭൂമികയില്‍ ആര്‍ക്കും മായ്ക്കാനാകാത്ത ഒരിടം പി.ജെ. ഫ്രാന്‍സിസ് എന്ന വക്കീല്‍ അടയാളപ്പെടുത്തുകയായിരുന്നു.
തുടരെ മത്സരിച്ചു തോറ്റുതുന്നം പാടി മടുത്ത് വീട്ടിലിരുന്ന ഫ്രാന്‍സീസിനെ അന്ന് എകെ ആന്റണി വീട്ടില്‍ നേരിട്ടെത്തിയാണ് മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. കടുത്ത മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്നായിരുന്നു ആന്റണി വാക്കുപറഞ്ഞത്.
അങ്ങനെ സിപിഎം പാര്‍ട്ടിക്കോട്ടയായ മാരാരിക്കുളത്ത് ഒരിക്കലും ജയിക്കില്ലെന്ന വിശ്വാസത്തിലാണ് പിജെ ഫ്രാന്‍സിസ് പ്രചാരണം തുടങ്ങിയത്. പെട്ടി തുറന്നപ്പോള്‍ ജയന്റ് കില്ലര്‍ എന്ന് ഫ്രാന്‍സിസീനെ കേരളം അടയാളപ്പെടുത്തി.
1991ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചയാളാണ് വിഎസ് അച്യുതാനനന്ദന്‍.
ഇതേ മണ്ഡലത്തിലാണ് 1996ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടു നടന്നിരുന്ന അച്യുതാനന്ദന്‍ 1968 വോട്ടുകളുടെ കുറവില്‍ തോല്‍വിയറിഞ്ഞത്.
പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാര്‍ട്ടിതല അന്വേഷണങ്ങളില്‍ തെളിഞ്ഞു. ആ തോല്‍വിയുടെ പേരില്‍ അന്നത്തെ ജില്ലാ നേതാവ് ടികെ പളനി, സികെ ഭാസ്‌കരന്‍, ടിജെ ആഞ്ചലോസ് ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും വിഎസിന്റെ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായിരുന്നു ടികെ പളനി.
കേരളത്തിനെ സിപിഎമ്മിനെ ആകെ പിടിച്ചു കുലുക്കിയ മാരാരിക്കുളം വിഭാഗീയതയില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായി 10 വര്‍ഷം പുറത്തിരുന്ന ശേഷമാണ് ടി കെ പളനിയെ സി പി എം തിരിച്ചെടുത്തത്. പളനി പിന്നീട് സിപിഐയിലേക്ക് ചേക്കേറുകയും ചെയ്തു.
വിഭാഗീയ പ്രവര്‍ത്തനത്തിന് എന്നും എതിരായിരുന്ന തന്നെ 1996ലെ തോല്‍വിയുടെ പേരില്‍ ബലിയാടാക്കുകയായിരുന്നുവെന്നും തോല്‍വിക്കു കാരണം മാരാരിക്കുളത്തെ എംഎല്‍എ എന്ന നിലയിലുള്ള വി എസിന്റെ പ്രവര്‍ത്തനം തന്നെയായിരുന്നുവെന്നുമാണ് പളനിയുടെ വിശദീകരണം.
ഇതേ മണ്ഡലത്തില്‍ 2001ല്‍ തോമസ് ഐസക് വന്നപ്പോള്‍ മണ്ഡലത്തിന്റെ സ്ഥിതി മണ്ഡലം പഴയ നിലയിലായി. കഴിഞ്ഞ തെരഞ്ഞെടപ്പില്‍ 31,000 വോട്ടുകള്‍ക്ക് വിജയിച്ച തോമസ് ഐസക്കിന് മാരാരിക്കുളം നിഷേധിച്ചതോടെ ഇത്തവണയും വിഭാഗിയതയും കാലുവാരവും നടന്നോ എന്നതാണ് കണ്ടറിയാനുള്ളത്.
https://www.facebook.com/Malayalivartha