കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് പത്ത് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. അണ്ടൂര്‍ക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയില്‍, അരുവിക്കര, അമ്പൂരി, കാട്ടാക്കട, കുന്നത്തുകാല്‍, ആര്യങ്കോട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചത്. ഇവിടങ്ങളില്‍ അവശ്യസേവനത്തിനുള്ള കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തും. പോലീസ് പട്രോളിംഗ് മേഖലയില്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
അതെ സമയം രാജ്യത്ത് ഇന്ന് കോവിഡ് പോസിറ്റീവ് 332,730 ആയി ഉയര്‍ന്നിരിക്കുന്നു. കൊറോണ വൈറസ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിരിക്കുന്നു.
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡല്‍ഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ‌്തത്. 306 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഡല്‍ഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.
https://www.facebook.com/Malayalivartha