ധൈര്യമായി ഇരുന്നോ, ഞാൻ ഒരു സീറ്റുമായി വരും? വി.വി.പ്രകാശിൻ്റെ ആകസ്മികമായ വിയോഗം; നിലമ്പൂർ മണ്ഡലം ആകാംഷയോടെ ഉറ്റുനോക്കി കേരളം

മെയ് രണ്ടാം തീയതി ഫലം വരുമ്പോൾ കേരളം കാത്തിരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നു കൂടി ആയി നിലമ്പൂർ മണ്ഡലം. ഈ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശിൻ്റെ ആകസ്മികമായ വിയോഗമാണ് ഇത്തരത്തിൽ ഒരു ആകാംക്ഷയിൽ എത്തിച്ചിരിക്കുന്നത്. 2016 ൽ പി.വി.അൻവറുടെ വിജയത്തോടു കൂടി മണ്ഡലം ഒരു വ്യവസായ പ്രമുഖൻ്റെ മണ്ഡലം ആയി മാറി.
ഏറനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ കരിക്കാടൻ കുഞ്ഞാലി വെടിയേറ്റു കൊല്ലപ്പെടുമ്പോൾ നിയമസഭാ സാമാജികനായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യത്തേതും അവസാനത്തേതുമായ സാമാജികൻ്റെ കൊലപാതകം -കുഞ്ഞാലിയുടെ സമരഭൂമി തിരിച്ചുപിടിക്കാൻ ഇടതുമുന്നണി 2016ൽ ഇറക്കിയ വ്യവസായ പ്രമുഖനാണ് പി.വി.അൻവർ.
ആര്യാടൻ യുഗത്തിൻ്റെ തുടർച്ചയ്ക്കായി മകൻ ഷൗക്കത്തിനെയാണ് യു ഡി എഫ് രംഗത്ത് ഇറക്കിയത്. 1965-ലാണ് നിലമ്പൂർ മണ്ഡലം രൂപീകരിച്ചത്. 1965ലും 1967 ലും സി പി എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടൻ 1969-ൽ കുഞ്ഞാലിവധവുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായതോടെ മാറി നിൽക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത തെരഞ്ഞെടുപ്പു മുതൽ നിലമ്പൂരിൽ നിന്ന് ജയിച്ചത് ആര്യാടൻ മുഹമ്മദാണ്.
1977, 1980, 1987, 1991, 2001, 2006, 2011 വർഷങ്ങളിലാണ് അദ്ദേഹം നിയമസഭയിൽ എത്തിയത് - നാലു തവണ മന്ത്രിയും ആയി. 2016-ൽ പി.വി.അൻവറിൻ്റെ രംഗ പ്രവേശം നിലമ്പൂരിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടായി. യു ഡി എഫിലും വലിയ പ്രശ്നങ്ങളുണ്ടായിരുന്നു - ലീഗും കോൺഗ്രസ് തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിൽ ആയിരുന്നില്ല. അന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ഇരു പാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.
ആര്യാടനോടുള്ള വിരോധം വെച്ച് ലീഗ് വോട്ടു മറിച്ചത് പി.വി.അൻവറിൻ്റെ വിജയത്തിന് കളമൊരുക്കി പി.വി.അൻവർ എന്ന വ്യവസായിയിൽ നിന്ന് സീറ്റ് തിരികെ പിടിക്കാനാണ് വി.വി.പ്രകാശിനെ കോൺഗ്രസ് നിലമ്പൂരിൽ ഇറക്കിയത്. ധൈര്യമായി ഇരുന്നോ, ഞാൻ ഒരു സീറ്റുമായി വരും. എന്നാണ് അദ്ദേഹം സഹ പ്രവർത്തകരോട് പറഞ്ഞത്. ആ വാക്ക് മറ്റൊരു തരത്തിൽ അറം പറ്റുകയായിരുന്നോ എന്ന് ഒരു സംശയം. ഒരു സീറ്റ് അദ്ദേഹം പരലോകത്തേയക്ക് നേടി പോവുകയാണ്.
https://www.facebook.com/Malayalivartha


























