ഇങ്ങനെ പോയാൽ, ഇവിടെയുള്ളവർ മരിച്ചു വീഴും! അതൊരിക്കലും കോവിഡ് ബാധിച്ചാവില്ലെന്നു മാത്രം! സി എസ് സുരാജ് പങ്കുവച്ച കുറിപ്പ്

ഭയമാണ് നമ്മളെ ഭരിക്കുന്നതെങ്കിൽ, പലപ്പോഴും നമുക്കൊരു സാഹചര്യത്തെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. മറ്റൊരുവനെ ചവിട്ടി മെതിച്ചാലും വേണ്ടില്ല എനിക്ക് മുന്നേറിയാൽ മതിയെന്ന തീരുമാനം പോലും കൈകൊള്ളാൻ ഈ ഭയം നമ്മളെ പ്രേരിപ്പിക്കും. അങ്ങനെയൊറ്റയ്ക്ക് മുന്നേറാൻ കഴിയുന്ന ഒന്നല്ലയീ കോവിഡ് മഹാമാരിയെന്ന ധാരണയെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന ഭയം, കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളിലേക്ക് കൂടി പടർന്നു തല പൊക്കാൻ തുടങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കോവിഡ് സാഹചര്യത്തിൽ സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇങ്ങനെ പോയാൽ, ഇവിടെയുള്ളവർ മരിച്ചു വീഴും!
അതൊരിക്കലും കോവിഡ് ബാധിച്ചാവില്ലെന്നു മാത്രം!
: ചേട്ടാ.. ഒരു മാസ്ക്!
: എന്താണ് മാസ്ക് ഇടാത്തത്?! ആദ്യം മാസ്ക് ഇട്! (കലിപ്പൻ ടോൺ)
: ചേട്ടാ.. എന്റെ കയ്യിൽ മാസ്ക് ഇല്ല. ഒരു മാസ്ക് തരൂ!
: മാസ്ക് ഇടണമെന്നറിയില്ലേ?! മാസ്ക് ഇട്! അല്ലെങ്കിൽ ടൗവൽ എടുത്ത് കെട്ട്!
: എന്റെ കൈയ്യിൽ മാസ്ക്കില്ല. എനിക്കൊരു മാസ്ക് തരൂ!
: അതൊന്നും പറഞ്ഞാൽ പറ്റില്ല. ആദ്യം നീ മാസ്ക് ഇട്!
: കയ്യിൽ മാസ്ക് ഉണ്ടായിരുന്നു. അത് കുറച്ചു മുന്നേ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ എനിക്കൊരു മാസ്ക് തരൂ!
: എന്നാലും അത് ശരിയല്ലല്ലോ.. ഇങ്ങനെ ചെയ്യാൻ പാടുമോ?! മാസ്ക് ഇട്!
: ചേട്ടാ.. മാസ്ക് ഇല്ലാത്തത് കൊണ്ടാണ് ചോദിക്കുന്നത്. എനിക്കൊരു മാസ്ക് തരൂ!
അങ്ങനെയവസാനം കലിപ്പൻ നോട്ടത്തോടെ മെഡിക്കൽ ഷോപ്പുകാരൻ എനിക്കൊരു മാസ്ക് എടുത്തു തരുന്നു. ഞാനവിടെ നിന്നും മാസ്ക് ധരിച്ചു കൊണ്ട് വീണ്ടും യാത്ര തുടരുന്നു!
ഇത് ഇന്നലെ നടന്നൊരു സംഭവമാണ്. കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ ദക്ഷിണ കന്നഡയിലുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപനം വന്നതോടു കൂടി എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു.
രാവിലെ കഴിച്ച ഭക്ഷണം യാത്രക്കിടയിൽ നല്ലൊരു പണി തന്നു. ഛർദിയിലാണ് അവസാനമത് അവസാനിച്ചത്! യാത്രക്കിറങ്ങുമ്പോൾ കയ്യിൽ കരുതുന്ന കവറുകളെപ്പോഴും മറ്റുള്ളവർക്ക് ഉപകാരമായി തീരുകയായിരുന്നു പതിവ്. എന്നാലാ പതിവിന്ന് തെറ്റിച്ചു!
ശരീരത്തിന്റെ ഊർജ്ജം നഷ്ട്ടപ്പെടുത്തുന്നതിനോടൊപ്പം, ഞാൻ ധരിച്ചിരുന്ന മാസ്കിനെ കൂടി ഉപയോഗശൂന്യമാക്കി കൊണ്ടാണ് ആ ഛർദി എന്നെ വിട്ട് പോയത്!അങ്ങനെയെനിക്കാ മാസ്ക് ഉപേക്ഷിക്കേണ്ടി വന്നു. തൊട്ടടുത്ത നിമിഷം തന്നെ ശ്രദ്ധയിൽപ്പെട്ട ഒരു മെഡിക്കൽ ഷോപ്പിൽ മാസ്ക് വാങ്ങാനായി പോയപ്പോൾ നടന്ന രംഗമാണ് മുകളിൽ നിങ്ങൾ വായിച്ചത്.
മാസ്ക് ഇല്ലാത്തതു കൊണ്ടാണ് ഞാൻ മാസ്ക് വാങ്ങാനായി അവിടെ പോയത്. എന്നാൽ ദേഷ്യത്തോടെ, അതി തീവ്രസ്വരത്തിൽ ഷോപ്പുടമ പറയുന്നത് മാസ്ക് ഇട്ടാലെ മാസ്ക് തരൂകയുള്ളൂ എന്നാണ്! അതില്ലാത്തത് കൊണ്ടാണ് വാങ്ങാൻ വന്നതെന്ന് പറഞ്ഞാൽ പോലും ഈർഷ്യത്തോടെ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഷോപ്പുടുമ. അങ്ങനെ ഒറ്റ മിനിറ്റിൽ അവസാനിക്കേണ്ടിയിരുന്ന, സംഭാഷണം കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും നീട്ടി കൊണ്ടു പോവാൻ അദ്ദേഹത്തിന് സാധിച്ചു!
ഇത് കൊണ്ടുള്ള നേട്ടമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേയറിയൂ!
ദേഷ്യത്തിന്റെ ചുവയായിരുന്നു പറഞ്ഞ വാക്കുകൾക്കെങ്കിലും, അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശ്നം ഭയമായിരുന്നു. ഭയം മാത്രം!
ട്രെയിനിൽ വരുന്ന സമയത്ത് കംമ്പാർട്ട്മെന്റിലിരുന്നൊരാൾ ചുമക്കുകയുണ്ടായി. പെട്ടെന്ന് ശ്വാസമെടുത്തപ്പോഴോ മറ്റോ ഉണ്ടായ ചുമയാണ്. കുറച്ചു വെള്ളം കുടിച്ച് ചുമ്മാ ഇരുന്നാൽ മാറാവുന്നതേയുള്ളൂ. എന്നാൽ, ഈ ചുമ കംമ്പാർട്ട്മെന്റിൽ തീർത്ത അസ്വസ്ഥത ചെറുതായിരുന്നില്ല!
അത്രനേരം സമാധാനത്തോടെയിരുന്നവർ, പെട്ടെന്നെവിടുന്നോ ഒരു മുളകെടുത്ത് കടിച്ച അവസ്ഥയായിരുന്നു പിന്നീടങ്ങോട്ട്! ഇടക്കിടെ സ്റ്റോപ്പ് എത്തിയോ നോക്കുക, ഇടക്കിടെ സമയം നോക്കുക,
കയ്യിലുള്ള വാട്ടർ ബോട്ടിൽ മറച്ചു പിടിക്കുക, ധരിച്ചിരിക്കുന്ന മാസ്ക്കുകൾക്കു മുകളിൽ വീണ്ടുമൊരെണ്ണം കൂടി എടുത്തിടുക, ഇതൊന്നും പോരാതെ ആ ചുമച്ച വ്യക്തിയെ ഒരു ഭീകരനെ നോക്കുന്ന പോലെ നോക്കുക, ഒരു ഭീകരനോട് പെരുമാറും പോലെ പെരുമാറുക.. ഹോ! പിന്നീടങ്ങോട്ട് സംഭവ ബഹുലമായിരുന്നു കംമ്പാർട്ട്മെന്റ്!
ഭയമാണ് നമ്മളെ ഭരിക്കുന്നതെങ്കിൽ, പലപ്പോഴും നമുക്കൊരു സാഹചര്യത്തെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. മറ്റൊരുവനെ ചവിട്ടി മെതിച്ചാലും വേണ്ടില്ല എനിക്ക് മുന്നേറിയാൽ മതിയെന്ന തീരുമാനം പോലും കൈകൊള്ളാൻ ഈ ഭയം നമ്മളെ പ്രേരിപ്പിക്കും.
അങ്ങനെയൊറ്റക്ക് മുന്നേറാൻ കഴിയുന്ന ഒന്നല്ലയീ കോവിഡ് മഹാമാരിയെന്ന ധാരണയെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്.
കേരളത്തിന്റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന ഭയം, കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളിലേക്ക് കൂടി പടർന്നു തല പൊക്കാൻ തുടങ്ങിയുട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഈ യാത്രയിൽ തന്നെ പരിചയപ്പെട്ട ഒരു ലേബർ ഓഫീസ്സർ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞൊരു വാചകമുണ്ടായിരുന്നു..
"കേരളത്തിലെ ആളുകളധികവും പാനിക്കാണ് (Panic). ഇതിന് പ്രധാന കാരണം നമ്മുടെ മാധ്യമങ്ങൾ തന്നെയാണ്!"
ഈ യാത്രയിൽ നടന്ന ഒരു പിടി സംഭവങ്ങൾ ഈ വാക്കുകളെ ശരി വെക്കുന്നതായിരുന്നു.
വീട്ടിലെ ചിത്രവും മറ്റൊന്നായിരുന്നില്ല. ഹൊറർ മൂവി കാണുന്ന പോലെ, ന്യൂസ് ചാനലും വെച്ച് ഇമ വെട്ടാതെ പേടിച്ചരണ്ടിരിക്കുന്ന മുഖങ്ങളെയാണ് അവിടേയും കാണാൻ കഴിഞ്ഞത്. മരണം കാത്തു കഴിയുന്നയാളുകളുടെ സംസാരത്തിനുണ്ടാവാനിടയുള്ള ചുവയാണ് ഇവരുടെയൊക്കെ സംസാരത്തിനുമുള്ളത്. മരണനിരക്ക് വളരെ കുറഞ്ഞ ഈ കോവിഡിനെ പറ്റി സംസാരിക്കുമ്പോൾ പോലും മരണമെന്ന വാക്കാണ് ആ സംസാരത്തിലെല്ലാം നിഴലിച്ചു നിൽക്കുന്നത്. എന്തിനാണിങ്ങനെയാളുകൾ ഭയം വിഴുങ്ങി കൊണ്ട് ജീവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല!രാവിലെ മുതൽ രാത്രി വരെ ഭയപ്പെടുത്തുന്ന രൂപത്തിൽ വാർത്തകൾ നൽകി കൊണ്ട്, ഭീതി പടർത്തിയാടുന്ന ഇതേ മാധ്യമങ്ങൾ തന്നെ "ഭയം വേണ്ട, ജാഗ്രത മതി"യെന്ന് പറയുന്നതിനേക്കാളും വലിയ വിരോധാഭാസം മറ്റൊന്നുണ്ടോ?!
എത്രത്തോളം കാര്യക്ഷമമായി മുൻകരുതലുകളെടുത്താൽ പോലും, അവയെയെല്ലാം താളം തെറ്റിക്കാൻ ഈ അനാവശ്യ ഭയം മാത്രം മതിയാവും.വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് ഉള്ള സമയം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ ശ്രമിക്കുകയാണിപ്പോൾ വേണ്ടത്. അതിന് പകരം, നിങ്ങളെ ഭരിക്കാൻ ഭയത്തെ അനുവദിക്കുകയാണെങ്കിൽ, അതിജീവിക്കാനായുള്ള ഈ പോരാട്ടത്തിൽ ആദ്യം വെള്ളം ചേർക്കുന്നതും, ഔട്ട് ആവുന്നതും നിങ്ങൾ തന്നെയായിരിക്കും!
https://www.facebook.com/Malayalivartha


























