'ഭീതിയ്ക്ക് കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്'; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഭീതിയ്ക്ക് കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വാസ്തവ വിരുദ്ധവും അതിശയോക്തി കലര്‍ത്തിയതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും'. മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടര്‍ അടപ്പിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ഗൗരവം ഉള്‍ക്കൊള്ളാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ന്നും സംസ്ഥാനത്താകെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























