കോണ്‍ഗ്രസിന് ഒരു ബലിയാടിനെ വേണം കോണ്‍ഗ്രസുകാരാരും തയ്യാറല്ല നിങ്ങള്‍ തയ്യാറുണ്ടോ?

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പേടിച്ച് രാഹുല്‍ ഗാന്ധി വിദേശസഞ്ചാരത്തിന് ഒരുക്കുന്നു. എ ഗ്രൂപ്പിനെതിരെ ഐ ഗ്രൂപ്പിന്റെയും തിരിച്ചും നൂറുകണക്കിന് പരാതികളാണ് ഓരോ ദിവസവും എ. ഐ. സി സി ഓഫീസിന്റെ മെയില്‍ ബോക്‌സിലെത്തുന്നത്. ഇതിനു പുറമേയാണ് എ.ഐ. സി സി നേതാക്കള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫോണ്‍ വോട്ടെണ്ണല്‍ കഴിഞ്ഞതു മുതല്‍ ഓഫാണ്.
കോണ്‍ഗ്രസും യു ഡി എഫും തോറ്റമ്പാന്‍ കാരണം രമേശ് ചെന്നിത്തലയുടെ നേതൃത്വമാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. തിരുവനന്തപുരത്ത് രഹസ്യ യോഗം ചേര്‍ന്ന എ ഗ്രൂപ്പാണ് ചെന്നിത്തലക്കെതിരെ പടയൊരുക്കം തുടങ്ങിയത്. എത്രയും വേഗം ചെന്നിത്തലയെ നീക്കി ഒരു എ ഗ്രൂപ്പ് നേതാവിനെ പ്രതിപക്ഷ നേതാവാക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. എന്നാല്‍ വിട്ടു കൊടുക്കാന്‍ ചെന്നിത്തല തയ്യാറല്ല.
ഇടതുപക്ഷത്തിന് ലഭിച്ച 99 സീറ്റിന്റെ വിജയം സുവര്‍ണാവസരമാക്കി മറ്റാനുള്ള നീക്കമാണ് എ ഗ്രൂപ്പ് നടത്തുന്നത്. മകന്‍ ചത്താലും കുഴപ്പമില്ല മരുമകളുടെ തലയറ്റാന്‍ മതിയെന്ന തീരുമാനമാണ് എ ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്.
ഇതിന് വേണ്ടി ചേര്‍ന്ന ഗ്രൂപ്പ് യോഗം ഐ ഗ്രൂപ്പിനെതിരെ പരസ്യ പ്രസ്താവന ഇറക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. ഇന്ന് മുതല്‍ പ്രസ്താവന വന്നു തുടങ്ങാനാണ് സാധ്യത. പ്രതിപക്ഷ നേതാവോ അല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷനോ എന്നതാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യം. രണ്ടിലൊന്ന് തരപ്പെടുത്താന്‍ രഹസ്യയോഗം തീരുമാനമെടുത്ത് കഴിഞ്ഞു.
എ ഗ്രൂപ്പിന്റെ നീക്കത്തില്‍ ഐ ഗ്രൂപ്പ് ആകെ പരിഭ്രാന്തരാണ്. പിണറായി സര്‍ക്കാരിനെതിരെ ആത്മാര്‍ത്ഥതയോടെ നേരിട്ട ചെന്നിത്തലയെ എ ഗ്രൂപ്പ് പിന്തുണക്കാത്തതാണ് കനത്ത തോല്‍വിക്ക് കാരണമെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു.
ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ചെന്നിത്തലക്ക് പിന്തുണ നല്‍കിയില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നപ്പോള്‍ പോലും ഉമ്മന്‍ ചാണ്ടി മൗനി ബാബയായി ഇരുന്നു. പാര്‍ട്ടി ഒപ്പം നിന്നെങ്കില്‍ 99 സീറ്റുമായി യു ഡി എഫ് തകര്‍ത്തേനെ എന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മേല്‍നോട്ടത്തിലാണ് ഇലക്ഷന്‍ നടന്നതെന്നും തോറ്റതിനെ കുറിച്ച് അന്വേഷണം നടക്കണമെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും തുടങ്ങണമെന്നുമാണ് പന്തളം സുധാകരന്‍ പറയുന്നത്.
ഒന്നുകില്‍ എല്ലാവരും കൂടി ചുമക്കാം. അത് സമ്മതമല്ലെങ്കില്‍ പാപഭാരം മുല്ലപ്പള്ളി തന്നെ ചുമക്കണം. മുല്ലപ്പള്ളിയെ സഹായിക്കാന്‍ ഫലത്തില്‍ ആരും രംഗത്തില്ല .എന്നാല്‍ ഡല്‍ഹിയിലെ മാനേജരായ കെ. സി വേണു ഗോപാലിനെ കുറ്റം പറയാന്‍ ആരും തയ്യാറല്ല. കാരണം കെ സിയെ തൊട്ട് ഔട്ടാവാന്‍ ആരും തയ്യാറല്ല. കെ.സി. നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പാടേ തോറ്റിരുന്നു.
മുല്ലപ്പള്ളി മാറണം എന്ന ആവശ്യത്തില്‍ പക്ഷ ഭേദമില്ല . എന്നാല്‍ സുധാകരന്‍ വേണ്ടെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം .സുധാകരന്‍ വന്നാല്‍ ഗ്രൂപ്പ് പൊളിറ്റിക്‌സ് നടക്കില്ല എന്നതാണ് പേടി.
ഇരുതല വാളാണ് സുധാകരന്റെ നാവ്. കളിച്ചാല്‍ സുധാകരന്‍ വെറുതെ വിട്ടില്ല.അതാണ് മാനേജര്‍മാരുടെ ഭയം. 2016-ലെ ഉമ്മന്‍ ചാണ്ടിയുടെ മാതൃക എ ഗ്രൂപ്പ് ഉയര്‍ത്തിക്കാണിക്കുന്നു. അതിനാണ് ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞതായി അവര്‍ക്കറിയാം. ഇനി ഗ്രൂപ്പിന് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണം. റെഡിയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ കെ.സി ജോസഫിന് താല്‍പര്യമില്ല.
എ ഗ്രൂപ്പിന്റെ നേതൃസ്ഥാനമാണ് കെ മുരളീധരന്റെ ലക്ഷ്യം. എന്നാല്‍ മുരളിയെ ചുക്കാന്‍ എ വിഭാഗം തയ്യാറല്ല. പി ടി. തോമസിനും നേതൃസ്ഥാനത്തേക്ക് താല്‍പര്യമുണ്ട്.എന്നാല്‍ തോമാച്ചനെ എ ഗ്രൂപ്പുകാര്‍ക്ക് താല്‍പര്യമില്ല . അതേ സമയം എ ഗ്രൂപ്പില്‍ മൂന്നാം നിര ശക്തമാണ്.
പി.സി. വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് , സിദ്ദിഖ്, ഷാഫി പറമ്പില്‍ ഇവരിലാണ് ഗ്രൂപ്പിന്റെ ഭാവി. വിന്‍സെന്റും സനീഷ്‌കുമാറും ഒക്കെ കൈകോര്‍ക്കും. ഹൈബിയും റോജിയും അന്‍വര്‍ സാദത്തും സി.ആര്‍. മഹേഷും ശബരിനാഥും അടങ്ങുന്ന ഐ ഗ്രൂപ്പിന്റെ ജൂനിയര്‍ ടീമും കട്ടയ്ക്ക് നില്‍ക്കും. സീനിയേഴ്‌സിനെ അപേക്ഷിച്ച് പരസ്പരം ചിന്നംവിളിച്ച് മത്സരിക്കാന്‍ യുവ നേതാക്കള്‍ തയ്യാറല്ല എന്നതാണ് പ്രധാന പ്രശ്‌നം.
അടിയന്തരമായി കോണ്‍ഗ്രസിന് ഒരു ബലിയാടിനെ വേണം. അത് മുല്ലപ്പള്ളിയോ ചെന്നിത്തലയോ എന്നതാണ് പ്രശ്‌നം. അത് കണ്ടെത്തിയാല്‍ തത്കാലം രക്ഷപ്പെട്ടു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.മരണവീട് പോലെ ഉറങ്ങുന്ന കെ. പി സി സി ആസ്ഥാനത്ത് നേതാക്കളാരും എത്തുന്നു പോലുമില്ല.ബലിയാടിനെ കണ്ടെത്തണമെങ്കില്‍ ആരെങ്കിലും വരണ്ടേ എന്നാണ് ആസ്ഥാനത്തിലെ സ്ഥിരം കുറ്റികള്‍ ചോദിക്കുന്നത്.
"
https://www.facebook.com/Malayalivartha
























