എയർപോർട്ട് ഉള്ള മണ്ഡലം ആയിരുന്നിട്ടു പോലും നേതാക്കന്മാർ തന്റെ മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല: ബിജെപിക്ക് കിട്ടേണ്ട വോട്ടു പോലും കിട്ടിയിട്ടില്ല: ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉയർത്തി കെ കൃഷ്ണകുമാർ

തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കു നേരെ വിരൽ ചൂണ്ടി തിരുവനന്തപുരം സ്ഥാനാർഥി കൃഷ്ണകുമാർ. തിരഞ്ഞെടുപ്പ് തോല്‍വിയിൽ ബി.ജെ.പി. ജില്ലാ നേതൃത്വത്തിനെതിരെയാണ് അദ്ദേഹം ആരോപണമുയർന്നിരിക്കുന്നത്. തനിക്ക് പാർട്ടി വോട്ട് പോലും കിട്ടിയില്ല എന്ന ഗുരുതരമായ ആരോപണമാണ് കൃഷ്ണകുമാർ ഉയർത്തിയിരിക്കുന്നത്. പാർട്ടി വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്നും മണ്ഡലത്തിലെ വിജയ സാധ്യത ബി.ജെ.പി. നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും അദ്ദേഹം പാർട്ടിയ്ക്കെതിരെ തുറന്നടിച്ചു.
കേന്ദ്ര നേതാക്കൾ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. സർവ്വേ ഫലങ്ങൾ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോൾ കുറച്ചുകൂടി ഉണർന്ന് പ്രവർത്തിക്കണമായിരുന്നു. ഒരു കലാകാരൻ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകൾ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാർട്ടി വോട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ വിജയ സാധ്യത ഉറപ്പായിരുന്നു. 2019-മായി താരതമ്യം ചെയ്യുമ്പോൾ വോട്ടുകൾ കുറഞ്ഞു.
സമീപ മണ്ഡലങ്ങളിൽ ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തി. മണ്ഡലത്തിനകത്താണ് എയർപോർട്ട്. ദേശീയ നേതാക്കൻമാർ എല്ലാവരും ഈ എയർപോർട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തിൽ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ് എന്നും അദ്ദേഹം ആരോപിച്ചു . എന്നാൽ പാർട്ടി അവസരം തന്നാൽ ഇനിയും ഇതേ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും കൃഷ്ണകുമാർ തറപ്പിച്ചു പറഞ്ഞു.
അതേ സമയം നിയമസഭ തിരഞ്ഞെടുപ്പിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ബിജെപി സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് ഇറങ്ങിയ നടൻ കൃഷ്ണകുമാറിൽ ബിജെപി വിശ്വാസം അർപ്പിച്ചിരുന്നു. പക്ഷേ വിപരീതമായ വിധിയായിരുന്നു ഉണ്ടായത്. എന്നാൽ പരാജയത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ അപ്പോൾ തന്നെ രംഗത്തുവന്നിരുന്നു.
കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. വളരെ നല്ല അനുഭവങ്ങൾ തന്നതായിരുന്നു കന്നി അങ്കo. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രീ ആന്റണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ എന്നൊക്കെ ആയിരുന്നു അദ്ദേഹം ആദ്യം പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























