സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി; നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി; സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി; ചികിത്സാ നിരക്ക് ഇങ്ങനെ

സ്വകാര്യ ആശുപത്രികളുടെ കൊവിഡ് കൊള്ള അവസാനിപ്പിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കിയാണ് സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ നിയന്ത്രിച്ചത്. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാന്റെ നടപടിയെ കോടതി അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഉത്തരവ് ബാധകമാണ്.
നീതികരിക്കാന്‍ കഴിയാത്ത തരത്തില്‍ സ്വകാര്യ ആശുപത്രികള്‍ ബില്ല് ഈടാക്കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകള്‍ ഉയര്‍ത്തിക്കാണിച്ച കോടതി, കഞ്ഞി നല്‍കാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളെയും കോടതിയില്‍ എതിര്‍ത്തു. പല നിര്‍ദേശങ്ങളും പ്രായോഗികമല്ലെന്നും, സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ലെന്നും ആശുപത്രികള്‍ വാദിച്ചു.
ചികിത്സാ നിരക്ക് ഇങ്ങനെയാണ്:
1. ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 2645 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.
2. HDU (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
ചഅആഒ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 3795 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.
3. ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 7800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.
4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 13800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.
റജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്‌സിംഗ്- ബോര്‍ഡിംഗ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്, കണ്‍സള്‍ട്ടന്റ് നിരക്കുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്‌സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍ ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.
ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്‌ക്കേ നടത്താവൂ. NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.
ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പിയില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത് എന്നും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























