ഹിറ്റുകളുടെ ‘തമ്പുരാന്’ ആദരാജ്ഞലികൾ... സിനിമാ ലോകത്തിന് ഇത് തീരാനഷ്ടം... തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വിടവാങ്ങി...

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്.
മലയാള സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ് ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നു ബിരുദ പഠനവും പൂർത്തിയാക്കി.
ഫാർമസിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ജേസിയുടെ ഈറൻ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985ലാണ് സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും മികച്ച തിരക്കഥാകൃത്താക്കി.
ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ ഉണ്ടാക്കിയെടുത്തു. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതിയിട്ടുണ്ട്.
മോഹൻ ലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ കൊമേഴ്സ്യൽ സിനിമയുടെ ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകളൊരുക്കിയ ഡെന്നിസ് ജോസഫ്, മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
‘ലോക സിനിമയിലെ അതുല്യ സംവിധായകൻ സാക്ഷാൽ സത്യജിത്ത് റേ കാണാൻ താല്പര്യമെടുത്ത മലയാളത്തിലെ ഏക മുഖ്യധാരാ സിനിമയാണ് ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടിലെ ന്യൂഡല്‍ഹി. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മേൻ മണിരത്നം ‘ഷോലെ ‘ കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് ന്യുഡൽഹിയെ പ്രശംസിച്ചിരുന്നു.
45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്.
പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർ താര പദവിയിൽ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്
https://www.facebook.com/Malayalivartha


























