ആ കാലം മറക്കാനാകില്ല... ഡെന്നിസ് ജോസഫിന്റെ വിടവ് മലയാള സിനിമയ്ക്ക് ഏറെ നഷ്ടം; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താരങ്ങളാക്കി മാറ്റിയ മാസ്റ്റര്‍ സ്‌ക്രീന്റൈറ്ററുടെ വിടവാങ്ങലില്‍ വേദനിച്ച് സിനിമാ ലോകം; രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍

മലയാള സിനിമയിലെ മറ്റൊരു പ്രതിഭ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ഡെന്നിസ് ജോസഫിനെ പറ്റി ഓര്‍ക്കുമ്പോള്‍ മലയാളത്തിലെ മറ്റൊരു തിരക്കഥാകൃത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു ക്രെഡിറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്.
മലയാളത്തിന്റെ മെഗാ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചത് ഈ മാസ്റ്റര്‍ സ്‌ക്രീന്റൈറ്ററാണ്. തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന കാലത്താണ്, 1987ല്‍, ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച 'ന്യൂഡല്‍ഹി' എന്ന ജോഷി ചിത്രത്തിലേക്ക് മമ്മൂട്ടിക്ക് ക്ഷണമുണ്ടാകുന്നത്. പിന്നീട് നടന്നത് ചരിത്രമായി മാറി.
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ 'ന്യൂഡല്‍ഹി' സൂപ്പര്‍സ്റ്റാര്‍ എന്ന മമ്മൂട്ടിയുടെ സ്ഥാനത്തെ ഉറപ്പിക്കുകയായിരുന്നു. പ്രതികാര മൂര്‍ത്തിയായ മമ്മൂട്ടിയുടെ കൃഷ്ണമൂര്‍ത്തി എന്ന ജികെ പല അടരുകളുള്ള, വ്യത്യസ്ത ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നായക കഥാപാത്രമായിരുന്നു. അത്തരത്തില്‍ ഒരു 'വില്ലന്‍ നായകനെ' അക്കാലത്ത് മലയാള സിനിമ അധികമൊന്നും കണ്ടിരുന്നില്ല.
സമാനമായ രീതിയിലായിരുന്നു താര രാജാവായുള്ള മോഹന്‍ലാലിന്റെ ഉയര്‍ച്ചയും. അതുവരെ ഉപനായക വേഷങ്ങളില്‍ തിളങ്ങിയിരുന്ന ലാലിനെ, ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച 'രാജാവിന്റെ മകന്‍' എന്ന ഒറ്റ ചിത്രത്തിലൂടെ വലിയ താരമാക്കി. 1986ല്‍, മോഹന്‍ലാല്‍ ആദ്യമായി മീശപിരിച്ചത് ചിത്രത്തിലെ നായക കഥാപാത്രമായ, അധോലോക നായകന്‍ വിന്‍സന്റ് ഗോമസിനു വേണ്ടിയായിരുന്നു എന്നതും മറ്റൊരു കൗതുകം.
പൗരുഷത്തിന്റെ പ്രതീകമായിട്ടുള്ള മോഹന്‍ലാലിന്റെ പില്‍ക്കാല കഥാപാത്രങ്ങള്‍ക്ക് അടിത്തറയിട്ടതും ഇതേ വിന്‍സന്റ് ഗോമസ് തന്നെ. ലക്ഷണമൊത്ത കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ഡെന്നിസ്.
നന്മയുടെയും തിന്മയുടെയും ഭാവങ്ങളെ അതിശയകരമായ വൈദഗ്ധ്യത്തോടെ കോര്‍ത്തിണക്കികൊണ്ട് അദ്ദേഹം സൃഷ്ടിച്ച നായക കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസാണുള്ളത്. ജികെയാകട്ടെ, വിന്‍സന്റ് ഗോമസാകട്ടെ, കോട്ടയം കുഞ്ഞച്ചനാകട്ടെ, പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു പ്രത്യേക ഘടകം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാത്രസൃഷ്ടി അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.
പിന്നീട് മലയാള സിനിമയില്‍ മികച്ച തിരക്കഥാകൃത്ത് എന്ന പേരെടുത്ത പലരും ഈ മഹാപ്രതിഭയോട് ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടപ്പെട്ടിരിക്കുന്നു. 'മനു അങ്കിളി'ലൂടെ സംവിധാനത്തില്‍ കൈവച്ച ഡെന്നിസ് ജോസഫ് ആ മേഖലയിലും തിളക്കമാര്‍ന്ന വിജയം നേടി.
മമ്മൂട്ടിയാണ് പ്രധാന കഥാപാത്രമായി എത്തിയതെങ്കിലും കുട്ടികള്‍ക്കായിരുന്നു സംവിധായകനായുള്ള തന്റെ ആദ്യ സിനിമയില്‍ ഡെന്നിസ് ജോസഫ് പ്രാമുഖ്യം നല്‍കിയത്.രസകരമായ ഇതിവൃത്തത്തിലൂടെ കഥ പറഞ്ഞ 'മനു അങ്കിള്‍' നൂറില്‍ കൂടുതല്‍ ദിവസങ്ങളാണ് കേരളത്തിലെ തീയറ്ററുകളില്‍ ഓടിയത്. 1988ലെ 'ബെസ്റ്റ് ചില്‍ഡ്രന്‍സ് ഫിലിം' ദേശീയ പുരസ്‌കാരം നേടിയതും 'മനു അങ്കിളാ'യിരുന്നു.
വേറിട്ട കഥകളിലൂടെയും, വ്യത്യസ്തമായ ആഖ്യാനരീതികളിലൂടെയും മലയാള സിനിമയെ മാറ്റിമറിച്ച ഈ മഹാകലാകാരന്റെ നിനച്ചിരിക്കാതെയുണ്ടായ വിയോഗം നികത്താനാകാത്ത നഷ്ടം തന്നെയാണ്. മലയാള സിനിമയിലെ ഒരു യുഗത്തിനാണ് ആ വിടവാങ്ങലിലൂടെ തിരശീല വീഴുന്നത്.
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും സൂപ്പര്‍ താരങ്ങളാക്കാന്‍ മുന്‍കൈയ്യെടുത്തത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയുടെ കരുത്താണ്. ആ കരുത്താണ് ഡെന്നിസ് ജോസഫിന്റെ തിരക്കഥയുടെ പ്രത്യേകതയും.
"
https://www.facebook.com/Malayalivartha


























