മറക്കില്ല ആ വിളി... പഴയകാല സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വിയോഗ വാര്‍ത്ത പങ്കുവച്ച് പ്രിയദര്‍ശന്‍; ഇക്കാലമത്രയും ആഴ്ചയില്‍ 3 ദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫിന്റെ വിയോഗം സിനിമാ ലോകത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഡെന്നിസ് ജോസഫും താനുമായുള്ള ആത്മബന്ധം തുറന്ന് പറയുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍.
ഞായറാഴ്ച രാത്രി ഡെന്നിസ് വിളിച്ചു. തിങ്കളാഴ്ച അതേ നമ്പറില്‍നിന്നു ഡെന്നിസ് വിട്ടുപോയ വിവരം എനിക്കു വരുന്നു. ജീവിതത്തില്‍ ഇതുപോലെ അമ്പരന്നുപോയ സമയമില്ല. ഇക്കാലമത്രയും ആഴ്ചയില്‍ 3 ദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍.
ന്യൂഡല്‍ഹി റിലീസ് ചെയ്യാന്‍ 2 ദിവസമുള്ളപ്പോള്‍ ഡെന്നിസും ജോഷിയേട്ടനും എന്നെ വിളിച്ചു പറഞ്ഞു 'നീയതു കാണണം'. ഞാനും ഡെന്നിസും ജോഷിയേട്ടനും മാത്രമിരുന്നാണു കണ്ടത്. കാണെക്കാണെ അന്തം വിട്ടുപോയ സിനിമയാണത്. അതിനപ്പുറമുള്ള മലയാള സിനിമ അതിനു മുന്‍പു ഞാന്‍ കണ്ടിട്ടില്ല.
മോഹന്‍ലാലിന്റെ ജീവിതം വഴി തിരിച്ചുവിട്ടതു ഡെന്നിസാണ്. നന്നായി പാടുമായിരുന്നു. ഡെന്നിസിനൊപ്പം ഇരിക്കാനുള്ള കൊതികൊണ്ടു 'ഗീതാഞ്ജലി' എന്ന സിനിമയുടെ കാലത്തു എനിക്കു കൂട്ടിനിരുത്തി. മലയാളത്തില്‍ ഇതുപോലെ കത്തിനിന്ന എഴുത്തുകാരനില്ല. എന്തും എഴുതി ഹിറ്റാക്കാനുള്ള മാജിക്കുണ്ടായിരുന്നു ഡെന്നിസിന്റെ േപനയ്ക്ക് എന്നും പ്രിയദര്‍ശന്‍ ഓര്‍മ്മിച്ചു.
മലയാള സിനിമയ്ക്ക് മറക്കാനാകാത്ത തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എണ്‍പതുകളുടെ രണ്ടാം പകുതി മലയാള സിനിമയില്‍ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ആ തിരക്കഥകള്‍ മലയാളത്തിലെ 2 മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചുകയറ്റി. ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ 'നിറക്കൂട്ട്' മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്തെത്തിച്ചു. തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകനി'ലൂടെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം പിറന്നു. സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.
പിന്നെ ഡെന്നിസ് പേനയെടുത്ത വഴിയേ മലയാളസിനിമ നീങ്ങുകയായിരുന്നു. ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലായിരുന്നു അന്നു സിനിമക്കാരുടെ താവളം. മമ്മൂട്ടിയും മോഹന്‍ലാലും ചെന്നൈയിലെത്തിയാല്‍ ഡെന്നിസ് ജോസഫിന്റെ മുറിക്കു തൊട്ടടുത്തുള്ള മുറികള്‍ തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നാണു കഥ.
മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത 'ന്യൂഡല്‍ഹി' (1987) വന്നതോടെ ഡെന്നിസ് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. 'ന്യൂഡല്‍ഹി' കണ്ടിട്ടു മണിരത്‌നവും രജനീകാന്തും തന്നെത്തേടി മുറിയില്‍ വന്ന സംഭവം ഓര്‍മപ്പുസ്തകത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, മറ്റു ഭാഷകളില്‍നിന്നു വലിയ ഓഫറുകള്‍ സ്വീകരിച്ചതുമില്ല.
മലയാളത്തില്‍ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. മോഹന്‍ലാലിനു വേണ്ടി 'ഭൂമിയിലെ രാജാക്കന്മാര്‍,' 'വഴിയോരക്കാഴ്ചകള്‍', 'ഇന്ദ്രജാലം'... മമ്മൂട്ടിക്കുവേണ്ടി 'സംഘം', 'കോട്ടയം കുഞ്ഞച്ചന്‍', 'നായര്‍സാബ്'. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന 'നമ്പര്‍ 20 മദ്രാസ് മെയിലും' കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ 'ആകാശദൂതും' അതേ തൂലികയില്‍നിന്നു പിറവിയെടുത്തു.
മലയാളത്തില്‍ തിരക്കഥാകൃത്തുക്കള്‍ക്കു താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. നിര്‍മാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതി 'രാജാവിന്റെ മകന്‍' മാറ്റിമറിച്ചു. അധോലോകത്തുനിന്ന് വിന്‍സന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായിരുന്നു.
നായകന്‍ കൊല്ലപ്പെടുന്ന പതിവില്ലാത്ത ക്ലൈമാക്‌സ് മലയാള സിനിമയെ പുതുവഴിയിലേക്കു നയിച്ചു. നിര്‍മാതാക്കള്‍ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത് എന്നാണ് ഡെന്നിസ് ജോസഫിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha


























