കുണ്ടറയില്‍ പി സി വിഷ്ണുനാഥിനെ ജയിപ്പിച്ചത് സി പി എമ്മിന്റെ പ്രാദേശിക ഘടകമാണെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തെ കുറിച്ചുള്ള ആരോപണത്തിന്റെ വെളിച്ചത്തില്‍ മേഴ്‌സിക്കുട്ടി തോറ്റത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായെന്നും സി പി എം സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തല്‍...

കുണ്ടറയില്‍ പി സി വിഷ്ണുനാഥിനെ ജയിപ്പിച്ചത് സി പി എമ്മിന്റെ പ്രാദേശിക ഘടകമാണെന്ന് സി പി എം സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തല്‍.
ആഴക്കടല്‍ മത്സ്യബന്ധനത്തെ കുറിച്ചുള്ള ആരോപണത്തിന്റെ വെളിച്ചത്തില്‍ മേഴ്‌സിക്കുട്ടി തോറ്റത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി .ഇതിന് ഉത്തരവാദികളായവരെ കടലില്‍ താഴ്ത്തണമെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. തന്നെ ചതിച്ചതായി മേഴ്‌സിക്കുട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തോറ്റതില്‍ വലിയ സംഘടനാ വീഴ്ചയാണ് സി.പി.എം. കാണുന്നത്. സംസ്ഥാനത്ത് ഇടതുമുന്നണി വന്‍വിജയം നേടുകയും മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. ബി.ജെ.പി.വോട്ട് മറിച്ചതാണ് കുണ്ടറയിലെ പരാജയകാരണമെന്ന് പുറമേ പറയുന്നുണ്ടെങ്കിലും എല്‍.ഡി.എഫ്. വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണത്തെക്കാള്‍ 7140 വോട്ടാണ് കുറഞ്ഞത്. അത് കിട്ടിയിരുന്നെങ്കില്‍ മേഴ്‌സിക്കുട്ടി ജയിക്കുമായിരുന്നു.
മേഴ്‌സിക്കുട്ടിക്ക് ഇക്കുറി സീറ്റ് നല്‍കാതിരിക്കാന്‍ ശ്രമം നടത്തിരുന്നു. സിപി എമ്മില്‍ വലിയ പ്രവര്‍ത്തന പരിചയമുള്ള ഒരു ജില്ലാ നേതാവിന്റെ പേരാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. മേഴ്‌സികുട്ടിയുടെ നിര്‍ബന്ധമായിരുന്നു കാരണം. ആഴക്കടല്‍ ആരോപണം വന്നതോടെ ജയിച്ചേ തീരൂ എന്ന അവസ്ഥ മേഴ്‌സിക്കുട്ടിക്കും വന്നു ചേര്‍ന്നു. പക്ഷേ അടിയൊഴുക്കുകള്‍ മേഴ്‌സിയെ അടിയോടെ വാരി.
കുണ്ടറയില്‍ എന്‍.എസ്.എസ്. തുടക്കത്തിലേ എതിരായിരുന്നു. പണ്ട് വിഷ്ണുനാഥിനെ ചെങ്ങന്നൂരില്‍ തോല്‍പ്പിച്ചത് എന്‍ എസ് എസ് ആണ്. അത് മുതലെടുക്കാന്‍ കഴിയാതിരുന്നത് വലിയ ദൗര്‍ഭാഗ്യകരമായി പോയെന്നാണ് സി പി എം കരുതുന്നത്.
ഇക്കാര്യം അറിഞ്ഞെങ്കിലും പ്രതിരോധിക്കാനോ അനുനയിപ്പിക്കാനോ ശ്രമമുണ്ടായില്ല. ബി.ജെ.പി.-യു.ഡി.എഫ്. അന്തര്‍ധാര രാഷ്ട്രീയവിഷയമായി ചര്‍ച്ചയാക്കാന്‍ കഴിയാതിരുന്നതും വീഴ്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു. ഇതേ വിഷയം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാക്കാന്‍ സാധിച്ചിരുന്നു. ത്യപ്പൂണിത്തുറയില്‍ കെ. ബാബു ജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു. എന്നാല്‍ കുണ്ടറയില്‍ മേഴ്‌സി ജയിക്കുമെന്ന് പ്രാദേശിക നേതൃത്വം പാര്‍ട്ടിയെ വിശ്വസിപ്പിച്ചത്രേ.
പാര്‍ട്ടി ജില്ലാ, മണ്ഡലം ഘടകങ്ങള്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടിവരും. ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ഏകോപനമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ സെക്രട്ടറി കോവിഡ് ബാധിതനായി ചികിത്സയ്ക്കു പോയപ്പോള്‍ പകരം ചുമതല ഏല്‍പ്പിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായില്ല.
കഴിഞ്ഞതവണ ആകെയുള്ള 11 സീറ്റുകളിലും വിജയിച്ച കൊല്ലത്ത് ഇത്തവണ രണ്ടുസീറ്റുകള്‍ നഷ്ടപ്പെട്ടു. പുനലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ വലിയ വോട്ടുചോര്‍ച്ചയുമുണ്ടായി. 29208 വോട്ടിനാണ് കരുനാഗപ്പള്ളിയില്‍ തോറ്റത്. മന്ത്രിസഭാ രൂപവത്കരണം കഴിഞ്ഞ് തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ചചെയ്യും. കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍.സജികുമാറിനെതിരേ നടപടിക്ക് സാധ്യതയുണ്ട്. ജില്ലാ സെക്രട്ടേറിയറ്റും സെക്രട്ടറിയും മണ്ഡലങ്ങളുടെ ചുമതല വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിശദീകരണം നല്‍കേണ്ടിവരുമെന്നാണ് സൂചന. ഇങ്ങനെയൊരു പറ്റ് പറ്റുമെന്ന് ഒരിക്കലും സി പി എം കരുതിയതല്ല.
https://www.facebook.com/Malayalivartha
























