ബാങ്ക് കൊള്ളക്കാരന്റെ ഉല്ലാസയാത്ര.... ഭാര്യയും മക്കളുമായി കൊറോണ കാലത്തെ ടൂർ പൊളിച്ച് പോലീസ്...

ആർക്കും സംശയം തോന്നാത്ത വിധം വളരെ പ്ലാൻ ചെയ്ത് നടത്തിയ തട്ടിപ്പായിരുന്നു അത്. ചെറിയ ഒരു പിഴവിൽ പാളിപ്പോയത് അതിവിദഗ്ധമായി മെനഞ്ഞെടുത്ത മാസ്റ്റർ പ്ലാൻ ആയിരുന്നു. ഇത്തരത്തിൽ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് ബെംഗളൂരുവിൽ നിന്നാണ്.
കനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിലെ കാഷ്യർ കം ക്ലാർക്കായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെയാണ് പത്തനംതിട്ടയിൽ നിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലെ വാടക വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
മൂന്ന് ദിവസം മുമ്പ് ബെംഗളൂരുവിലെത്തിയ പോലീസ് സംഘം ഞായറാഴ്ച രാവിലെ തന്നെ പ്രതിയുടെ താമസസ്ഥലം കണ്ടെത്തി ഉറപ്പാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ഇയാളെ പോലീസ് പിടികൂടിയെന്നാണ് വിവരം. ഇയാൾക്കൊപ്പം ഭാര്യയും രണ്ടു മക്കളും ബെംഗളൂരുവിലെ വീട്ടിലുണ്ടായിരുന്നു.
14 മാസത്തിനിടെ 191 ഇടപാടുകളിലൂടെ 8.13 കോടി രൂപയാണ് വിജീഷ് വർഗീസ് തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്.
ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തിരുന്നത്.
പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടറിൽ നിന്ന് പാസ് വേർഡ് മനസ്സിലാക്കിയാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഇയാൾ ഭാര്യയേയും മക്കളേയും കൂട്ടി മുങ്ങുകയായിരുന്നു. വീട്ടിൽ നിന്ന് മുങ്ങിയതിന് ശേഷം വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. ഫെബ്രുവരി 11-നാണ് ഇയാൾ അവസാനമായി എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്.
കൊട്ടാരക്കരയിലെ എ.ടി.എമ്മിൽനിന്ന് ഇയാൾ പണം പിൻവലിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ആവണീശ്വരത്തെ വീട്ടിൽ നിന്ന് കാറിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കൊച്ചി കലൂരിലേക്കാണ് വിജീഷ് ആദ്യം പോയത്.
കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് തങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ പ്രതി ഇവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. ഇത് കഴിഞ്ഞ് കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു.
ഇതോടെ പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. തട്ടിപ്പ് പുറത്തറിഞ്ഞ് മൂന്ന മാസത്തിനു ശേഷമാണ് വിജീഷ് വർഗീസിനെ പോലീസിന് പിടികൂടാനായത്.
ഇന്ന് പുലർച്ചെയോടെ പ്രതിയുമായി പോലീസ് സംഘം പത്തനംതിട്ടയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഉച്ചയോടെ പത്തനംതിട്ടയിൽ എത്തുന്ന പോലീസ് സംഘം പ്രതിയെ പിടികൂടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
തട്ടിയെടുത്ത പണം വിജീഷ് കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭാര്യ സൂര്യ താര വർഗീസിന്റെ അക്കൗണ്ടുകളിലേക്ക് മാത്രം 39 തവണയാണ് ഇയാൾ പണം നിക്ഷേപിച്ചത്. സ്വന്തം പേരിലുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും ഇയാൾ 68 തവണ പണം നിക്ഷേപിച്ചിട്ടുണ്ട്.
നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് വർഗീസ് ബാങ്കിലെ ഊർജസ്വലനായ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണ ഇടവേളയിൽ പോലും ജോലിയിൽ മുഴുകുന്ന വിജീഷിനെ ആരും സംശയിച്ചിരുന്നില്ല.
മാത്രമല്ല, നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെന്ന ബഹുമാനവും നൽകിയിരുന്നു. ഇത് മുതലെടുത്താണ് വിജീഷ് വർഗീസ് തട്ടിപ്പിന് ആസൂത്രണം നടത്തിയത്.
https://www.facebook.com/Malayalivartha
























