പിണറായി സർക്കാർ 2.0: നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്, സിപിഐക്ക് വനിത മന്ത്രിയും, സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിൽ ഈ മാസം 20ന്

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണം അവസാനഘട്ടത്തിൽ. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ വിജയം കണ്ടതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസ് (എം) മുതൽ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ വരെ ഉൾക്കൊള്ളിച്ചാകും രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുക.
പുതുമുഖങ്ങളെ മത്സരിപ്പിച്ച് വിജയിപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിൽ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ മാത്രം എത്തിക്കാനാണ് സിപിഐ തീരുമാനം. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. ഇതോടെ സിപിഐ മന്ത്രിമാർ ആരൊക്കെ എന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്.
രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിൽ ഈ മാസം 20ന് നടക്കും. 20ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
കൊവിഡ്-19 വ്യാപനം മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വളരെക്കുറച്ച് ആളുകൾക്ക് മാത്രമാകും ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകുക.
വനിതയടക്കമുള്ളവരെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനാണ് സിപിഐ തീരുമാനം. അങ്ങനെയെങ്കിൽ കൊല്ലത്ത് നിന്ന് ജെ ചിഞ്ചുറാണി മന്ത്രിസഭയിലെത്തും. പിഎസ് സുപാൽ, ഇകെ വിജയൻ, ചേർത്തലയിൽ നിന്നും വിജയിച്ച പി പ്രസാദ്, ഒല്ലൂരിൽ നിന്നും നിയമസഭയിലെത്തിയ കെ രാജൻ എന്നിവരാകും മന്ത്രിസഭയിലേക്ക് എത്തുന്ന മറ്റുള്ളവർ. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാറിനെയാകും പരിഗണിക്കുക. ചൊവ്വാഴ്‌ച ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടാകും.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഎം - സിപിഐ ചർച്ചകളാണ് ആദ്യഘട്ടത്തിൽ നടന്നത്. നിർണായക വകുപ്പുകൾ കൈവശം വെക്കാം സിപിഐയും സിപിഎമ്മും തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ നിലവിലെ വകുപ്പ് വിഭജനത്തിൽ ചെറിയ മാറ്റങ്ങൾക്ക് ധാരണമായിട്ടുണ്ട്.
മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ കടന്നുവന്നതോടെ സീറ്റ് വിഭജനം മുതൽ നടത്തിയ വിട്ടുവീഴ്‌ചകൾ മന്ത്രിസഭാ രൂപീകരണത്തിലും സിപിഎമ്മും സിപിഐയും തുടരുകയാണ്. 11 കക്ഷികളുള്ള മുന്നണിയായി എൽഡിഎഫ് വികസിച്ച സാഹചര്യത്തിൽ എല്ലാവർക്കും പ്രാതിനിധ്യം നൽകുകയാണ് ലക്ഷ്യം. നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























