കൊവിഡ് കാലത്തും കൊള്ള: മൃതദേഹം സംസ്കരിക്കാൻ 22000 രൂപ ആവശ്യപ്പെട്ട് ആംബുലൻസ് ഏജൻസി, സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ഭീമമായ തുക ആവശ്യപ്പെട്ട് കോട്ടയത്തെ സ്വകാര്യ ആംബുലൻസ് ഏജൻസി. കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഇരുപതിനായിരം രൂപ നൽകണമെന്നായിരുന്നു ഏജൻസിയുടെ ആവശ്യം. തൊട്ടടുത്ത മുട്ടമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനാണ് ഇത്രയും പണം ആവശ്യപ്പെട്ടത്.
കോട്ടയം മുട്ടമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയ എന്ന ആംബുലൻസ് ഏജൻസിയിലെ ജീവനക്കാരനാണ് ബന്ധുക്കളിൽ നിന്നും ഭീമമായ തുക ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 11 കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ മൃതദേഹം എത്തിച്ച് സംസ്കരിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് മരിച്ച തലയോലപ്പറമ്പ് സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഇവർ 22000 രൂപയാണ് വാങ്ങിയത്. ചിതാഭസ്മത്തിന് 500 രൂപയും വാങ്ങി. പിപിഇ കിറ്റും പരമാവധി ആയിരം രൂപയുമാണ് മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ ആവശ്യമായ ചെലവ്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























