മലപ്പുറത്ത് കൊവിഡ് രോഗി വെൻ്റിലേറ്റർ ലഭിക്കാതെ മരിച്ചു: മൂന്ന് ദിവസത്തോളം വെൻ്റിലേറ്റര്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കൾ

മലപ്പുറത്ത് കൊവിഡ് 19 ബാധിച്ച വൃദ്ധ വെൻ്റിലേറ്റര്‍ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചതായി ബന്ധുക്കളുടെ ആരോപണം. പുറത്തൂര്‍ സ്വദേശിയായ ഫാത്തിമ ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഏതാനും ദിവസമായി ഇവര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മലപ്പുറത്തും സമീപജില്ലകളിലും വെൻ്റിലേറ്ററിനു വേണ്ടി അന്വേഷിച്ചെന്നും എന്നാൽ, കിട്ടിയില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇവരെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റര്‍ ഉണ്ടായിരുന്നില്ല.
എന്നാൽ കൊവിഡ് 19 മൂര്‍ച്ഛിച്ചതോടെ വെൻ്റിലേറ്ററുള്ള ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ മൂന്ന് ദിവസത്തോളം അന്വേഷിച്ചെങ്കിലും എവിടെയും വെൻ്റിലേറ്റര്‍ ഒഴിവില്ലെന്ന വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ ജില്ലയാണ് മലപ്പുറം. ഇവിടെ കൂടുതല്‍ ചികില്‍സാ സൗകര്യം ഒരുക്കേണ്ടത് നിര്‍ബന്ധമാണ് എന്ന സൂചനയാണ് ഫാത്തിമയുടെ സംഭവം ബോധ്യപ്പെടുത്തുന്നത്.
ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ രോഗികള്‍ കൂടിയതോടെ ഈ സൗകര്യമൊന്നും മതിയാകുന്നില്ല എന്നാണ് വിവരം. നിലവിൽ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജില്ലയില്‍ ഞായറാഴ്ച 4,424 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ
4,277 പേര്‍ക്കും 93 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 47 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























