കാര്യങ്ങള്‍ മാറിമറിയുന്നു... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ കൊണ്ടുവരാതിരിക്കാന്‍ ശക്തമായ നീക്കം; 70 കഴിഞ്ഞ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍; കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി വാദങ്ങള്‍ ഉയരുന്നു; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും

ചര്‍ച്ചകള്‍ നീണ്ടിട്ടും ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിന് പിന്നാലെ കീറാമുട്ടിയായി കെപിസിസി അധ്യക്ഷ പദവി. എ, ഐ ഗ്രൂപ്പുകള്‍ കടുത്ത നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സുധാകരനെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാന്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം ഉയരുകയാണ്. കെ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുമ്പിലും ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കി.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഹുല്‍ഗാന്ധിയും സോണിയഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷിനെ മുന്നില്‍നിര്‍ത്തി സുധാകരന്റെ വരവ് തടയുകയെന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം. സുധാകരന്റെ തീവ്രനിലപാടുകള്‍ പാര്‍ട്ടിയുമായി യോജിച്ച് പോകില്ലെന്നും കണ്ണൂരില്‍ പോലും സംഘടനയെ കെട്ടിപടുക്കാന്‍ സുധാകരന് കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. സുധാകരന് എഴുപത് വയസ് പിന്നിട്ടെന്നും ഇവര്‍ പറയുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ വാക്കുകേള്‍ക്കാതെ തീരുമാനമെടുത്ത ഹൈക്കമാന്‍ഡ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെ പാടെ തഴഞ്ഞ് സുധാകരന് വഴിയൊരുക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. സുധാകരനിലും കൊടിക്കുന്നില്‍ സുരേഷിലും തട്ടി തര്‍ക്കം മൂത്താല്‍ ചില അപ്രതീക്ഷിത പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നേക്കാം.
അതേസമയം ഉമ്മന്‍ചാണ്ടിയെ മേല്‍നോട്ട സമിതി അദ്ധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയ കാരണമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള പരാതി അറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
ചെന്നിത്തല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം. രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ ചാണ്ടി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മുസ്ലീം ലീഗിന് പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാഞ്ഞത് ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തത് കൊണ്ടാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതോടെ ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടമായെന്ന അഭിപ്രായം ശരിയല്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായതല്ലാതെ ഉമ്മന്‍ചാണ്ടി അധികാര കേന്ദ്രമാകാന്‍ നോക്കിയിട്ടില്ലെന്നും എ ഗ്രൂപ്പ് പറയുന്നു.
https://www.facebook.com/Malayalivartha
























