ഇത്രയും പ്രതീക്ഷിച്ചില്ല... ലക്ഷദ്വീപിന്റെ സത്യാവസ്ഥയറിയിക്കാന്‍ അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയില്‍; ഭരണപരിഷ്‌കാരത്തിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കും; അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളില്‍ തൃപ്തിയില്ല; അബ്ദുള്ള കുട്ടി പറയുന്നതിന് വിലകല്‍പ്പിച്ച് കേന്ദ്രം

ലക്ഷദ്വീപിന്റെ കാര്യത്തില്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അത്ഭുത കുട്ടിയാകാനാണ് സാധ്യത. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തിയെങ്കിലും അബ്ദുള്ള കുട്ടി പറയുന്നതനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ഉപാദ്ധ്യക്ഷന്‍ കൂടിയാണ് അബ്ദുള്ളക്കുട്ടി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ.പി മുത്തുകോയ എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യ പ്രകാരം ഡല്‍ഹിയിലെത്തിയത്.
ലക്ഷദ്വീപിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാക്കളെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ലക്ഷദ്വീപിന്റെ മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേറ്റര്‍ വേണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുക. ദ്വീപിലെ ഭരണപരിഷ്‌കാരങ്ങളിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഭൂപരിഷ്‌കരണ നടപടികള്‍ക്കെതിരെ നിവേദനം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല.
നിലവിലെ നിയമങ്ങള്‍ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ലക്ഷദ്വീപില്‍ സഞ്ചാര നിയന്ത്രണം കടുപ്പിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്ന ഇന്നലെയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. വിവാദമുണ്ടാക്കിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രുഫുല്‍ കെ. പട്ടേല്‍ ഇന്നോ നാളെയോ ദ്വീപിലെത്തും. പരസ്യമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ ദ്വീപിലും വന്‍കരയിലും ശക്തമായ പ്രതിഷേധത്തിന് രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും ഒരുങ്ങുകയാണ്.
ഉത്തരവ് നിലവില്‍ വന്നതിനാല്‍ ദ്വീപിലേക്ക് ഇനി സന്ദര്‍ശകരെ കര്‍ശന വ്യവസ്ഥകളോടെയേ അനുവദിക്കൂ. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതിയാണ് വേണ്ടത്. വന്‍കരയില്‍ നിന്ന് ലക്ഷദ്വീപില്‍ എത്തിയവരോട് ആറു ദിവസത്തിനകം പുറത്തുപോകാനും നിര്‍ദ്ദേശമുണ്ട്. ടൂറിസ്റ്റുകളും സന്ദര്‍ശന പാസില്‍ എത്തിയവരും മടങ്ങേണ്ടിവരും.
ദ്വീപുകളില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാനുള്ള വ്യവസ്ഥകളും കര്‍ശനമാക്കി. കടലിലും കരയിലും ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. സംശയകരമായ ഏതുകാര്യവും നിരീക്ഷിക്കും. ആറംഗ ഉദ്യോഗസ്ഥ സമിതിക്കാണ് നിരീക്ഷണച്ചുമതല.അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നലെ ദ്വീപില്‍ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് എത്താത്തതെന്നാണ് സൂചന.
അതേസമയം വീടുകളിലും സാമൂഹികമാദ്ധ്യമങ്ങളിലും പ്രതിഷേധം തുടരുകയാണ്. എന്‍.സി.പി ഇന്നലെ വീടുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 'ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്' എന്ന വാട്ട്‌സാപ്പ് കൂട്ടായ്മ സമരമുറ്റം എന്നപേരില്‍ കരിദിനം ആചരിച്ചു. ഇവയുടെ ചിത്രങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ലക്ഷദ്വീപുവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുമ്പില്‍ ഇന്നു രാവിലെ 10 ന് ധര്‍ണ സംഘടിപ്പിക്കും. വീടുകളിലും അനുവദനീയ സ്ഥലങ്ങളിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























