സഹോദരിയുടെ മകനെ തിരക്കിപ്പോയി മടങ്ങുന്നതിനിടെ മതിലിടിഞ്ഞുവീണ് പരിക്കേറ്റ എഴുപതുകാരിക്ക് ദാരുണാന്ത്യം

സഹോദരിയുടെ മകനെ തിരക്കിപ്പോയി മടങ്ങുന്നതിനിടെ മതിലിടിഞ്ഞുവീണ് പരിക്കേറ്റ എഴുപതുകാരിക്ക് ദാരുണാന്ത്യം. നൂറണി പഠാണിത്തെരുവ് പറത്തെരുവില്‍ ആറായി ആണ് ജില്ലാ ആശുപത്രിയില്‍ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. പറത്തെരുവില്‍ സഹോദരി, പരേതയായ അല്ലിയുടെ മകന്‍ രവിയോടൊപ്പമാണ് ആറായി താമസിച്ചിരുന്നത്. രാവിലെ പാല്‍ വാങ്ങാനായി അടുത്തുള്ള പെട്ടിക്കടയിലേക്കുപോയ രവി കുറേയേറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാല്‍ തിരക്കി ഇറങ്ങിയതായിരുന്നു ആറായി.
കടയ്ക്കു സമീപമെത്തി രവിയെ കണ്ട് വേഗം പാല്‍ വാങ്ങിവരാന്‍ പറഞ്ഞ് റോഡരികിലൂടെ തിരിച്ചുവരുമ്പോഴാണ് സ്വകാര്യവ്യക്തിയുടെ പറമ്പിന്റെമതില്‍ ഇടിഞ്ഞുവീണത്.റോഡില്‍നിന്ന് അല്പം ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലത്തിന് സംരക്ഷണമൊരുക്കി നിര്‍മിച്ചിരുന്ന ഏഴടിയോളം പൊക്കമുള്ള മതിലിലെ സിമന്റിഷ്ടികകള്‍ ആറായിയുടെ ദേഹത്തേക്ക് വീണു.
കാലിന് അസുഖമുള്ളതിനാല്‍ ഓടിമാറാനും കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍നിന്ന് 100 മീറ്ററോളം ദൂരത്തായിരുന്നു അപകടം നടന്നത്.
ശബ്ദംകേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ ആറായിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കാലിന് ഒടിവും ശരീരത്തില്‍ സാരമായ പരിക്കും ഏറ്റിരുന്നു. വൈകാതെ മരിച്ചു.
ഒഴിഞ്ഞുകിടക്കുന്ന പറമ്പിന്റെ സംരക്ഷണമതില്‍ മുമ്പൊരിക്കല്‍ പൊളിഞ്ഞുവീണതാണ്. പിന്നീട് പുതുക്കിപ്പണിതെങ്കിലും തേച്ച് ബലപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് മഴപെയ്തതോടെ മതില്‍ അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പരേതനായ ദൊരൈസ്വാമിയാണ് ആറായിയുടെ സഹോദരന്‍. മൃതദേഹം ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha

























