നെടുങ്കണ്ടത്തെ കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എസ്.ഐ. ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും...

ഇടുക്കി, നെടുങ്കണ്ടത്തെ കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എസ്.ഐ. ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും.
നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.ഐ: കെ.എ. സാബു, എ.എസ്.ഐമാരായ റോയ് പി. വര്‍ഗീസ്, സി.ബി. റെജിമോന്‍, ഡ്രൈവര്‍ നിയാസ്, പോലീസുകാരായ ജിതിന്‍ ജോര്‍ജ്, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവര്‍ക്കെതിരേയാണു നടപടി.
ഇവരെക്കൂടാതെ, നാല് വനിതാ സി.പി.ഒമാരുള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കും. എസ്.സി.പി.ഒമാരായ. സന്തോഷ്, രജനി, സി.പി.ഒമാരായ ഗീതു ഗോപിനാഥ്, ടി. അമ്പിളി, അഞ്ജു എന്നിവര്‍ക്കെതിരേയാണു വകുപ്പുതലനടപടിയും പിഴയും.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശപ്രകാരമാണു നടപടിയെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.
എന്നാല്‍, നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത സജീവ് ആന്റണി, ബിജു ലൂക്കോസ് എന്നീ പോലീസുകാര്‍ക്കെതിരേ നടപടിയില്ല. കസ്റ്റഡിയില്‍ മരിച്ച വാഗമണ്‍ സ്വദേശി രാജ്കുമാറിന്റെ ഉറ്റബന്ധുക്കള്‍ക്കു ധനസഹായമായി 45 ലക്ഷം രൂപ വീതിച്ചുനല്‍കും.
രാജ്കുമാറിനെ ചികിത്സിക്കാന്‍ വിസമ്മതിച്ചെന്നു കമ്മിഷന്‍ കണ്ടെത്തിയ കോട്ടയം മെഡിക്കല്‍ കോളജ്, പീരുമേട് താലൂക്കാശുപത്രി, നെടുങ്കണ്ടം താലൂക്കാശുപത്രി എന്നിവിടങ്ങളിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ വകുപ്പുതലനടപടിക്കു ശിപാര്‍ശയുണ്ട്. ഇവര്‍ക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും.
അതേസമയം ഹരിത ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാര്‍(49) 2019ലാണ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റു മരിച്ചത്.
കസ്റ്റഡി മരണം അന്വേഷിച്ച നാരായണക്കുറുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണുള്ളത്. കെട്ടുകഥകളിലേതുപോലെ, അന്ധകാരത്തില്‍ കുഴിച്ചിട്ട നിധി തേടിയുള്ള അപ്രായോഗികമായ തെരച്ചിലാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു. പോലീസ്തന്നെ നിയമലംഘകരായാല്‍ ഓരോ മനുഷ്യനും നിയമം കൈയിലെടുക്കും. അത് അരാജകത്വത്തിലേക്കു നയിക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അഞ്ച് പോലീസുകാര്‍ക്കെതിരായ വകുപ്പുതലനടപടി.
"
https://www.facebook.com/Malayalivartha

























