രാജ്യദ്രോഹം പോയ പോക്ക്... വീണ്ടും ലക്ഷദ്വീപ് പുകയുന്നു; ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ കൂടുന്നു; ലക്ഷദ്വീപ് ബിജെപിയില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ രാജിവച്ചു

അല്‍പം ശാന്തമായിരുന്ന ലക്ഷദ്വീപ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി. ദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ വ്യക്തമാക്കുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിലാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം ലക്ഷദ്വീപിലെ നടപടികളുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതികരിച്ചതിന് രാജ്യദ്രോഹ കേസ് നേരിടുന്ന സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപുകാരിയുമായ ഐഷ സുല്‍ത്താന കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ ഇട്ടതിനെ തുടര്‍ന്നാണ് താന്‍ തളരില്ലെന്ന പ്രതികരണവുമായി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.
ലക്ഷദ്വീപുകാരനായ ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ താന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ് ഐഷ പ്രതികരിച്ചത്. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കുമെന്നും ഐഷ എഴുതി.
ഒറ്റുകാരില്‍ ഉള്ളതും കടലിനെ സംരക്ഷിക്കുന്ന ലക്ഷദ്വീപുകാരില്‍ ഇല്ലാത്തതും ഭയമാണെന്നും അവര്‍ കുറിച്ചു. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും തന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നു കൂടി അവര്‍ എഴുതി.
അതേസമയം ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ അംഗം വി ശിവദാസന്‍ രംഗത്തെത്തി. ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിയെന്നാണ് എംപിയുടെ വാക്കുകള്‍. ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത്
രാജ്യദ്രോഹമാണോ മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ എന്ന് വി ശിവദാസന്‍ ചോദിച്ചു. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കൊവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കേരളത്തിലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐഷ സുല്‍ത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയത്.
ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഐഷ സുല്‍ത്താന വ്യക്തമാക്കുന്നു. അതിന് കാരണം ഒരു വര്‍ഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഐഷ സുല്‍ത്താന പറയുന്നു.
"
https://www.facebook.com/Malayalivartha