കൊല്ലത്ത് വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു; സംഭവത്തിൽ പ്രതികളായ അച്ഛനും മകനും അറസ്റ്റിൽ

കൊല്ലത്ത് വാക്കുതര്‍ക്കത്തിനും അടിപിടിക്കും പിന്നാലെ യുവാവിനെ കുത്തിക്കൊന്നു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പള്ളിക്കാട് സ്വദേശിയും കാവനാട് ചന്തയിലെ ഇറച്ചിവെട്ടുകാരനുമായ പ്രകാശ്, മകന്‍ രാജപാണ്ഡ്യന്‍ എന്നിവര്‍ പിടിയിലായി. പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്.
പള്ളിക്കാവ് ജവാന്‍മുക്കില്‍ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. രാവിലെ കരിമ്ബോലില്‍ കുളത്തിനുസമീപംവെച്ച് വിഷ്ണുവും പ്രകാശും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും തുടര്‍ന്ന് സോഡാക്കുപ്പികൊണ്ട് അടിപിടി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇതിനുശേഷം വീട്ടിലേക്കുപോയ പ്രകാശ് ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കില്‍ ജവാന്‍മുക്കിലെത്തി. അവിടെ നിന്ന വിഷ്ണുവിന്റെ നെഞ്ചില്‍ കുത്തി. ശേഷം ബൈക്ക് അവിടെ ഉപേക്ഷിച്ച് പ്രകാശും രാജപാണ്ഡ്യനും രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി. റോഡുകളില്‍ പൊലീസ് പരിശോധനയുള്ളതിനാല്‍, കാല്‍നടയായി അഷ്ടമുടിക്കായലിലെ കടത്തിലെത്തി അവിടെനിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു പ്രതികള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി കുരീപ്പുഴയിലെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിഷ്ണുവും പ്രകാശും തമ്മിലുള്ള തര്‍ക്കത്തിന്റെയും അടിപിടിയുടെയും കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനുണ്ട്.
https://www.facebook.com/Malayalivartha























