തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ: കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത് ചെയ്തതെങ്കിൽ എന്തിനാണ് നിർത്തിക്കളഞ്ഞത്: ആരോപണമുയർത്തി കെ സുരേന്ദ്രൻ

തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് കെ.സുരേന്ദ്രൻ ഉയർത്തുന്ന ആരോപണം. കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത് ചെയ്തതെങ്കിൽ എന്തിനാണ് നിർത്തിക്കളഞ്ഞത് എന്ന സുപ്രധാനമായ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു.ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ സമ്മതിക്കുന്ന ഘട്ടത്തിൽ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി .
സി.പി.ഐയും സി.പി.എമ്മും വിഷയത്തിൽ കാര്യമായി ഒന്നും ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യം. വിവാദമുണ്ടായപ്പോൾ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ശരിയായ അന്വേഷണം നടത്തിയാൽ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥർ മാത്രമായിരിക്കില്ലെന്നും ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി വാങ്ങാൻ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം .വനം വകുപ്പ് ഒരു ചർച്ച പോലും നടത്താതെ എൻ.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപണം ഉയർത്തി. കർഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരാതെ ആർക്കാണ് പണം പോയതെന്നാണ് പറയേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി.
പട്ടയഭൂമിയിൽ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സദുദ്ദേശ്യത്തിലുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ, ചിലകൂട്ടർ ഇതിനെ തെറ്റായി ഉപയോഗിച്ചുവെന്നും മരം മുറിച്ചുകടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകും. കർഷകർക്കുവേണ്ടിയാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ ചില പോരായ്മകളുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയപ്പോഴാണ് അത് പിൻവലിച്ചത്. ഇതിനിടയിൽ മരംമുറിച്ചുകടത്താൻ ചിലർ തെറ്റായ രീതിയിൽ ഉത്തരവ് ഉപയോഗിച്ചു.
ഉത്തരവിറക്കിയത് സദുദ്ദേശ്യത്തോടെത്തന്നെയാണ്. എന്നാൽ കർഷരുടെ പ്രശ്നം ഇപ്പോഴും സർക്കാരിന്റെ മുമ്പിലുണ്ട്. അതിന് പരിഹാരം കാണുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha