കോവിഡ് വാക്‌സിനെടുത്താല്‍ കാന്തികശക്തിയോ? ഇത് കൊള്ളാമല്ലോ... എല്ലാവരും വിശ്വസിക്കുകയും ചെയ്തു! മുട്ടൻ തട്ടിപ്പ് പൊളിച്ച് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ

കോവിഡ് വാക്സിനെടുത്തതിന്ശേഷം ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാര്‍ശ്വഫലങ്ങള്‍.
എന്നാൽ ഇപ്പോളിതാ, ഒരു വ്യക്തി വാക്സിനെടുത്തതിനുശേഷം കാന്തിക ശക്തി ലഭിച്ചു എന്നൊരു അവകാശവാദവുമായി രംഗത്ത് എത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന്‍ സ്വീകരിച്ച ശേഷം വിചിത്ര 'പാര്‍ശ്വഫലം' ഉണ്ടായതായി അവകാശപ്പെട്ടിരിക്കുന്നത്. വാക്സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാള്‍ വാദിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ അതിനെ എല്ലാം പൊളിച്ചടുക്കി രംഗത്ത് എത്തിയിരിക്കുകയാണ് വ്‌ളോഗറായ ഫിറോസ് ചുട്ടിപ്പാറ. വെറും പച്ചവെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ മതി, കോയിനുകളും തൂക്കം കുറഞ്ഞ സ്പൂള്‍ പോലുള്ളവയും ഒട്ടിപ്പിടിക്കാനെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഫിറോസ്. അത് ഒട്ടിപ്പിടിക്കാത്തവര്‍ക്ക് ഉപ്പുവെള്ളം വച്ചും പരീക്ഷിച്ചുനോക്കാമെന്നും ഫിറോസ് വ്യക്തമാക്കുന്നു.
വാക്‌സിനെടുത്തതിന്റെ ഫലമല്ല ഇതെന്നും ആര്‍ക്കും ചെയ്തുനോക്കാവുന്നതാണെന്നും വീഡിയോയിലൂടെ ഫിറോസ് തെളിയിക്കുന്നു.നേരത്തെ, മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ഒരാളും ജാര്‍ഖണ്ഡില്‍ നിന്നുള്ളയാളും തങ്ങള്‍ക്ക് വാക്‌സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha