ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ: നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ: അതി രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

രാമനാട്ടുകരയിൽ നടന്ന അപകടവും അതിന് പിന്നാലെ പുറത്തുവന്ന സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളുമെല്ലാം രാഷ്ട്രീയ ലോകത്തെ പിടിച്ചുലച്ചിരുന്നു. അർജുൻ ആയങ്കിയുടെ അറസ്റ്റ് വരെ അതിൽ നിർണായകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇപ്പോൾ ഈ വിഷയത്തിൽവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തുവന്നിരിക്കുകയാണ്. യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കാശ്‌മീരിലെയും പ്രശ്‌നങ്ങളിൽ ആത്മരോഷം കൊളളുന്നവർ കേരളത്തിൽ നിയമവാഴ്‌ചയിലെ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് കേന്ദ്രമന്ത്രി ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ ചോദിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അതിനിർണായകമായ പല ചോദ്യങ്ങളും അദ്ദേഹം ചോദിക്കുകയുണ്ടായി.
വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
'പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കിൽ' എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ….?
അതോ ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കർ.....? ഡിവൈഎഫ്‌ഐ ഉള്ളതുകൊണ്ട് കേരളത്തിന് 'സാംസ്‌ക്കാരികമായും സാമ്പത്തികമായും' ഉണ്ടാവുന്ന ഉന്നമനത്തിൽ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ....?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകർന്നു നൽകുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കൻമാർ മൗനം പുലർത്തുന്നതെന്ത് …? ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ..?
ബലാൽസംഗക്കേസുകളുടെ എണ്ണത്തിൽ ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ തുലോം മുകളിലാണ് ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്ന് കണക്കുകൾ പറയുന്നല്ലോ....? ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവർ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് .......?
രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് .....?
കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താൻപോരിമയും മൂലം പൊലിഞ്ഞ പെൺകുട്ടികളെയോർത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് ...?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികൾ മുഖം തിരിയ്ക്കുന്നതെന്ത് ....? ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ…. നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ... അദ്ദേഹത്തിന്റെ കുറിപ്പ് അവിടെ പൂർണ്ണമാവുന്നു..
അതേസമയം കെ സുരേന്ദ്രനും ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരുന്നു.കേരളത്തിലെ സ്വർണ്ണ കളളക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രൻ വിമർശിച്ചു. കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നകാര്യം കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിന്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























