ശ്‌മശാനത്തിൽ നിന്ന് തെരുവ് നായ്ക്കള്‍ കടിച്ച് കൊണ്ടുവന്നതാകാമെന്ന് കരുതിയ തലയോട്ടിയ്ക്ക് പിന്നിലെ ചുരുളഴിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം; ഊരത്തൂരിലെ നാട്ടുകാരെ ഞെട്ടിച്ച ആ കൊലപാതകം...

ഇരിക്കൂറിനടുത്ത് ഊരത്തൂര്‍ പി.എച്ച്.സി.ക്ക് സമീപം റോഡില്‍നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്ത സംഭവത്തിൽ രണ്ടുവർഷങ്ങൾക്ക് ശേഷം ചുരുളഴിയുന്നു. ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി സയ്യിദ് അലിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ അസം ഗുവാഹതിക്കടുത്ത ബെര്‍പേട്ട ജില്ലയിലെ സാദിഖ് അലി അറസ്റ്റിലായതോടെയാണ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിന്റെ സത്യാവസ്ഥ പുറത്തായത്. ഊരത്തൂര്‍ ചെങ്കല്‍പണയുടെ സമീപത്തുനിന്ന് 2018ൽ ആയിരുന്നു തലയോട്ടി കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ തലയോട്ടി കടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇരിക്കൂര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍നിന്ന് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
പോലീസ് നായ മണംപിടിച്ച് ആ പരിസരത്ത് ഓടിയെങ്കിലും മറ്റൊന്നും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. പി.എച്ച്.സി.യുടെ സമീപത്ത് പഞ്ചായത്ത് ശ്മശാനമുണ്ടെന്നും ഒരുപക്ഷേ തെരുവുനായ്ക്കള്‍ തലയോട്ടി ശ്മശാനത്തില്‍നിന്ന് കടിച്ചുകൊണ്ടുവന്നതാകാമെന്നുമാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിൽ ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയും അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തു. പരിശോധനയില്‍ ഊരത്തൂര്‍ ഗവ. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വാടക മുറിയില്‍ താമസിച്ചിരുന്ന സയ്യിദ് അലിയുടേതാണ് തലയോട്ടിയും അവയവങ്ങളുമെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടിലേക്ക് പോയെന്നാണ് കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും ആദ്യം കരുതിയത്. സയ്യിദ് അലിയുടെ മരണം കൊലപാതകമാണെന്ന സംശയമുയര്‍ന്നുവെങ്കിലും അതിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആലുവയില്‍ സ്വര്‍ണപ്പണി ചെയ്തു വരികയായിരുന്ന സാദിഖ് അലി പുതിയൊരു ജോലി നേടിയാണ് ഇരിക്കൂറിനടുത്ത ഊരത്തൂരിലെത്തുന്നത്. ഇവിടെ ജോലി ചെയ്തുവരുന്ന ബന്ധുവാണ് ഇയാള്‍ക്ക് സയ്യിദ് അലിക്കൊപ്പം താമസമേര്‍പ്പാടാക്കിക്കൊടുത്തത്.
കുറച്ച് ദിവസം ഇവിടെ താമസിച്ചിരുന്ന സാദിഖ് അലി വീണ്ടും ആലുവയിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു. അവിടെ നിന്ന് രണ്ട് ദിവസത്തിനു ശേഷം വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കാനെന്ന പേരില്‍ വീണ്ടും ഊരത്തൂരിലെത്തിയ ഇയാള്‍ സയ്യിദ് അലിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സയ്യിദ് അലി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ വഴി ഇരിക്കൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെര്‍പേട്ട മാര്‍ക്കറ്റില്‍വെച്ച് സാദിഖ് അലിയെ പോലീസ് പിടികൂടി ഇരിക്കൂറിൽ എത്തിച്ചത്.
കൊലപാതകം സംബന്ധിച്ച് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. 2018 ജനുവരി 27 മുതല്‍ സയ്യിദ് അലിയുടെ തിരോധാനവും പിന്നാലെ ഇയാൾ നാട്ടിലേക്ക് വണ്ടി കയറിയതും ഇയാളെ പോലീസിന്റെ നോട്ടപ്പുള്ളിയാക്കിയെങ്കിലും ജാമ്യം ലഭിച്ചതിനു പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു. ഈ കേസിൽ വാറന്‍റ് പ്രതിയായ ഇയാൾ വീണ്ടും ഊരത്തൂരിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. സയ്യിദ് അലിയെ കാണാതായ ദിവസം ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായുമുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ചോദ്യം ചെയ്യലിൽ ലഭിച്ചു.
എന്നാല്‍ സയ്യിദ് അലിയെ കാണാതായതിനാല്‍ അസമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താന്‍ ഇവിടെയെത്തിയതെന്നാണ് സാദിഖ് അലി ആദ്യം പോലീസിന് നൽകിയിരുന്ന മൊഴി. മൃതദേഹാവശിഷ്ടങ്ങളുടെ പഴക്കവും സയ്യിദ് അലിയുടെ കാണാതാകലും തമ്മിലുള്ള സാമ്യതയെത്തുടര്‍ന്നാണ് പൊലിസ് ഈ വഴിക്ക് അന്വേഷണം നടത്തിയത്. ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ സാദിഖ് അലിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























