തിരുവഞ്ചൂരിന് വധഭീഷണി .... തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടേതെന്ന പ്രാഥമിക സൂചനയില്‍ പോലീസ് അന്വേഷണം തുടങ്ങി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടേതെന്ന പ്രാഥമിക സൂചനയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ടിപി വധക്കേസിലെ പ്രതികളുടെ ഫോണ്‍ വിളികളും ഇവരുമായി ബന്ധമുള്ള മറ്റ് കണ്ണികളുടെ നീക്കവുമൊക്കെ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിയിരിക്കെയാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനു രാത്രി പത്തിന് കൊലയാളി സംഘം അരുകൊല ചെയ്തത്. വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
51 വെട്ടിന് ടിപിയെ അരുംകൊല ചെയ്ത കേസ് ധീരമായി അന്വേഷിക്കുകയും പ്രതികളെ ജയിലിലാക്കിയതിന്റെ പകതീരാത്ത പ്രതികളാണ് ഈ വധഭീഷണിക്കത്തിനു പിന്നിലെന്നാണ് സംശയം ഉയരുന്നത്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തിരുവഞ്ചൂരിന് വധഭീഷണിയും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും നേരിടേണ്ടിവന്നു. ഏരിയ കമ്മിറ്റി നേതാക്കള്‍ക്കു മുകളില്‍ അന്വേഷണം ജില്ലാ കമ്മിറ്റിയിലേക്കു കടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തില്‍ തുടര്‍ച്ചയായ ഭീഷണികള്‍.
തിരുവഞ്ചൂരും രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് വിഡി സതീശനും ടിപി വധക്കേസിലെ പ്രതികള്‍ക്ക് ഈ കത്തെഴുത്തില്‍ പങ്കുണ്ടാകുമെന്ന് പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ വിഷയത്തിന് ഗൗരവം വര്‍ധിക്കുകയാണ്.
സിപിഎമ്മിലെ പല ഉന്നതര്‍ക്കും ടിപി വധക്കേസില്‍ പങ്കുണ്ടെന്നും അതൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ ഇന്ന് പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ വടകരയില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയതും ടിപിയുടെ പഴയ നമ്പര്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൊക്കെ സിപിഎമ്മിലെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. രമയാണ് നിലവില്‍ സിപിഎമ്മിന്റെ പ്രതിപക്ഷത്തെ പ്രധാന പ്രതിയോഗിയും.
അറപ്പുളവാക്കുന്ന തെറിയും അസഭ്യവും മാത്രം നിറച്ച് തീരെ മോശം കയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്ന ഭീഷണിക്കത്തില്‍ രണ്ടിടത്ത് ടിപി വധം അന്വേഷണത്തിലെ പക ആര്‍ക്കൊക്കെയോ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കോഴിക്കോട്ട് നിന്ന് പോസ്റ്റ് ചെയ്ത കത്തിലെ ഉള്ളടക്കം ഭീതി ജനിപ്പിക്കുന്നതു മാത്രമല്ല മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ എംഎല്‍എയെ പച്ചത്തെറിയില്‍ കുളിപ്പിക്കുന്ന ഭാഷയിലാണ് എഴുതിയിരിക്കുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് സാധാരണ തപാലില്‍ കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
കത്തിന്റെ ഗൗരവും ഉള്‍ക്കൊണ്ട് കത്തിന്റെ ഒറിജിനല്‍ കോപ്പി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു നല്‍കിയിട്ടുണ്ട്. കത്തിന്റെ കോപ്പി ഉള്‍പ്പെടെ പോലീസിന് നല്‍കിയ പരാതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂരിലും കോഴിക്കോട്ടും സിപിഎം അധോലോക ഗുണ്ടകള്‍ കാലങ്ങളായി ചെയ്തു കൂട്ടുന്ന കൊലക്കേസുകളില്‍ പലപ്പോഴും സിപിഎം നേതൃത്വം വാടക പ്രതികളെയാണ് പോലീസില്‍ ഹാജരാക്കാറുള്ളത്. ടിപിയെ അരുകൊലചെയ്ത രാത്രിയില്‍ തന്നെ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വടകരയിലെത്തി നേരിട്ട് അന്വേഷണത്തിന് നേതൃത്വം നല്‍കുകയായിരുന്നു. വാടകക്കൊലയാളികളെ ഹാജരാക്കുന്ന പതിവ് തന്ത്രത്തിന് അവസരം നല്‍കാതെ കൊലയ്ക്കുപയോഗിച്ച ഇന്നോവ കാറും വൈകാതെ ആയുധങ്ങളും കണ്ടെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൈസൂരിലും മുംബൈയിലും നിന്നും മുടക്കോഴി മലയിലെ പാര്‍ട്ടി ഒളിത്താവളത്തില്‍നിന്നൊക്കെയായി മുഴുവന്‍ പ്രതികളെയും പിടികൂടി.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വി. സന്തോഷ്, തലശ്ശേരി ഡിവൈഎസ്പി എ.പി. ഷൗക്കത്തലി, വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ് വേഷം മാറി മുടക്കോഴി മല കയറി അര്‍ധരാത്രിയാണ് പ്രധാന പ്രതികളെ അന്നു പിടികൂടിയത്.
കൊലപാതകം ആസൂത്രണം ചെയ്ത പ്രാദേശിക നേതാവ് കുഞ്ഞനന്ദന്‍ ഉള്‍പ്പെടെ പ്രമുഖരെ കേസില്‍ പ്രതിചേര്‍ത്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. മുന്‍പ് ബിജെപി നേതാവ് ജയകൃഷ്ണന്‍മാസ്റ്ററെ ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ നീചമായി വെട്ടിനുറുക്കിയ കേസിലും ടിപി കൊലക്കേസിലെ പ്രതികളില്‍ ചിലരുടെ പങ്കാളിത്തമുണ്ടായെന്നും പാര്‍ട്ടി ആ കേസിലും വാടക പ്രതികളെ ഹാജരാക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് എംഎല്‍എ ഹോസ്റ്റലില്‍ വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹത്തിനു സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടതോടെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കോഴിക്കോട് പോസ്റ്റ് ഓഫീസിലെയും സമീപത്തെയും നിരീക്ഷണ കാമറകള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ പ്രതികളെ കണ്ടെത്താനാകുമെന്ന സൂചനയിലാണ് അന്വേഷം നടന്നുവരുന്നത്.
ഒന്നാം ഘട്ടമായി കോഴിക്കോട് നഗരത്തിലെ കഴിഞ്ഞ ഒരാഴ്ചത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നിരീക്ഷണം തുടങ്ങിയിട്ടുമുണ്ട്. ഊമക്കത്തില്‍ പറയുന്ന രണ്ടു വ്യക്തമായ സൂചനകള്‍ ടിപി വധക്കേസിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്ന് പോലീസ് ഉറപ്പിക്കുന്നു.
ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് തിരുവഞ്ചൂരിനെ വകവരുത്താനുള്ള നീക്കമെന്ന് കത്തില്‍ പറയുന്നുണ്ട്. ജയിലില്‍ നിന്ന് വന്ന് ജയിലിലേക്കു തന്നെ പോകാന്‍ മടിയില്ലെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.
കത്തിലുടനീളം വടക്കന്‍ ജില്ലകളിലുള്ളവരുടെ ഭാഷയും അവിടെ പറയാറുള്ള മ്ലേച്ഛമായ തെറിയുമാണ് വികലമായ കൈയക്ഷരത്തില്‍ എഴുതിയിരിക്കുന്നത്.
ടിപി കേസിലെ പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്.
സംരക്ഷണം വേണമെന്ന് പറയുന്നില്ലെങ്കിലും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ഇപ്പോഴും ജയിലില്‍ കിടക്കുന്ന സംഘമാണ് പുറത്തുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെടുന്നതും ഗൗരവമായി കാണുന്നതുമെന്നാണ് വി ഡി സതീശനും കെ സുധാകരനും പറയുന്നത്.
ഭാഷയും ശൈലിയും വരികള്‍ക്കിടയിലെ അര്‍ഥവും നോക്കിയാല്‍ അവരല്ലാതെ മറ്റാരുമാണെന്നു പറയാനാകില്ല. സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍, കത്തിന്റെ ഉറവിടം കണ്ടെത്തണം. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും ഭീഷണിയുമായി ചിലര്‍ ആര്‍ത്തുവിളിച്ച് നടക്കുന്ന അന്തരീക്ഷം പറ്റില്ല. ചിലര്‍ ജയിലിനകത്തിരുന്ന് നടത്തുന്ന ഓപ്പറേഷനുകളാണ് ഇതൊക്കെയെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha
























