സിപിഎമ്മിന് സ്വർണക്കടത്തിലും ക്വട്ടേഷനിലും നിർണായക പങ്ക്! അവസാനം കള്ളി വെളിച്ചത്തായി... കൂട്ടു നിന്നവരെ പുകച്ച് പുറത്താക്കി...

കുറച്ച് നാളുകളായി ഉയർന്നു കേൾക്കുന്ന വിവാദ പരമ്പരയാണ് സ്വർണക്കള്ളക്കടത്തും പിന്നെ അതുമായി ബന്ധപ്പെട്ട ക്വട്ടേഷനും ഗുണ്ടായിസവും. ആദ്യം മുതൽക്കേ പ്രതികൾ സിപിഎമ്മിന്റെ ബാനറിലാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതെന്ന് വ്യക്തമായ കാര്യമാണ്. ചെഗുവേരയുടെ ചിത്രവും സോഷ്യൽ മീഡിയയിലും മറ്റും ഉന്നത നേതാക്കളുമായി നിൽക്കുന്ന ഫോട്ടോ പ്രദർശിപ്പിച്ചു ഒക്കെ ഇത്തരത്തിൽ അവർ തങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നു.
എന്നാലിപ്പോൾ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ ഇടപാടില്‍ പാര്‍ട്ടിയുടെ ബന്ധം തുറന്ന് സമ്മതിക്കേണ്ട ഗതികേടിലാണ് സിപിഎം. ഇടപാടുകളില്‍ ബന്ധമുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയുടെ സഹോദരനായ, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നീക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
സ്വര്‍ണക്കടത്ത് വിവാദത്തിലായ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. മധുസൂദനനെയാണ് ഒഴിവാക്കിയത്. ഏരിയാ കമ്മിറ്റി അംഗമായ പ്രമുഖ നേതാവ് എം. സുകുമാരനേയും ഒഴിവാക്കി.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് പി.എം. മധുസൂദനന്‍. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം കള്ളക്കടത്തുകൂട്ടവുമായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാലങ്ങളായി ആരോപണമുണ്ട്.
ഇതേക്കുറിച്ച് അന്വേഷിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടി. ഇതോടെ കാലങ്ങളായി വിഭാഗീയത നിലനില്‍ക്കുന്ന കൂത്തുപറമ്പ് മേഖലയിലെ സിപിഎമ്മിന്റെ നടപടിയെ ചൊല്ലി ഭിന്നത രൂക്ഷമായി. അന്വേഷണ വിധേയമായാണ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. മനോജിന്റെ മറ്റൊരു സഹോദരനെതിരേ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
പുതിയ ലോക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ടെങ്കിലും അഭിപ്രായ ഭിന്നത കാരണം പാര്‍ട്ടി ഔദ്യോഗികമായി കീഴ്ഘടകങ്ങളില്‍ ഇതൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് ചില സിപിഎം കൂത്തുപറമ്പ് വെസ്റ്റ്-ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കും ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ചുമാസം മുന്‍പ് ഡിവൈഎഫ്‌ഐ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടത്തിയ കാല്‍ നട പ്രചരണ ജാഥയ്ക്കു പഴയ നിരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട വിവാദവും നടപടിക്ക് കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.
ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. റഹീം ഉള്‍പ്പെടെ പങ്കെടുത്ത ജാഥയോടായിരുന്നു പാര്‍ട്ടി കേന്ദ്രത്തില്‍ തന്നെ പ്രതിഷേധം സംഘടിപ്പിച്ചത്. കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. പി.എം. മനോജിന്റെ മറ്റൊരു സഹോദരനാണ് സംഭവത്തിന് പിന്നിലെന്നായിരുന്ന് ആരോപണം.
ആകാശ് തില്ലങ്കേരിയുടെ ബോസായി അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ കുറെക്കാലമായി സ്വര്‍ണം പൊട്ടിക്കലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘത്തില്‍ നിന്നും സ്വര്‍ണം പൊട്ടിക്കുന്നതിനായി വിപുലമായ ഒരു സംഘം തന്നെ പഴയനിരത്ത് സഖാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
കുഴല്‍പ്പണ- സ്വര്‍ണം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി മധ്യസ്ഥങ്ങളാണ് കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പി. ബാലന്‍ സ്മാരക മന്ദിരത്തില്‍ നടന്നതെന്നും ജില്ലയിലെ ഒരു യുവ എംഎല്‍എയുള്‍പ്പെടെ ഇതില്‍ പങ്കെടുത്തിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ള, ടിപി വധക്കേസിലെ പ്രതി കൊടി സുനിയെയും കൂട്ടരേയും നിയന്ത്രിക്കുന്ന പഴയനിരത്തിലെ പ്രമുഖനാണെന്ന ആരോപണം പാര്‍ട്ടിയില്‍ തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇതേക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം നിർണായകമായ മറ്റൊരു വിവരം കൂടി പുറത്ത് വരികയാണ്. കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശമാണ് ഇപ്പോൾ കണ്ടെടുത്തിട്ടുള്ളത്. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്.
കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. ജയിലിൽ നിന്നാണ് കൊടി സുനി സംസാരിക്കുന്നത് എന്നത് വ്യക്തമാണ്. എല്ലാം നിയന്ത്രിച്ച് ഇപ്പോഴും ജയിലിൽ നിന്ന് രാജാവായി കൊടി സുനി തുടരുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha