അച്ഛനും അമ്മയും ഉപേക്ഷിച്ചു; പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒരുമാസമായി ഒറ്റയ്ക്ക് വീട്ടിൽ കഴിഞ്ഞ 16കാരിയ്ക്ക് മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മോചനം

പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. 16 വയസുകാരിയായ പെണ്‍കുട്ടിയെ നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കൊവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാകളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
എട്ടുവര്‍ഷം മുമ്പ് അച്‌ഛന്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ താമസിച്ചിരുന്ന ഭര്‍തൃമാതാവിന്റെ പേരിലുള്ള വീട്ടില്‍നിന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിക്കുകയും കോടതി ഇടപെട്ട് ഇത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ രണ്ടാം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ മാതാവിനെ മർദ്ദിക്കുകയും ഇത് കേസാവുകയും ചെയ്തു. ഇതോടെ ഭര്‍തൃമാതാവും ഭര്‍ത്താവും താമസം മാറുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയും മാതാവും മാത്രമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ ഒരു മാസം മുന്‍പ് മാതാവും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് പെണ്‍കുട്ടി വീട്ടില്‍ ഒറ്റപ്പെട്ടത്. കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കണക്കിനൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച പെണ്‍കുട്ടി പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു.
അതേ സമയം, മന്ത്രിയുടെയും കളക്ടറുടെയും സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ ഒരു മാസമായിട്ടും പെണ്‍കുട്ടിക്ക് നീതി ലഭിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപുറമെ സ്‌ത്രീസുരക്ഷയ്‌ക്കായി സര്‍ക്കാര്‍ ആരംഭിച്ച 'അപരാജിത' പദ്ധതിയുടെ നോഡല്‍ ഓഫീസര്‍കൂടിയാണു ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാകളക്ടർ ദിവ്യ.എസ്. അയ്യർ പെൺകുട്ടിയെ സന്ദർശിച്ചു.
https://www.facebook.com/Malayalivartha
























