ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന നേതാക്കളെ പരിഹസിച്ച് പി വി അന്‍വര്‍

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം എന്നിവര്‍ ആടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് നിലമ്ബൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. രമ്യ ഹരിദാസ് അടക്കമുളള നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നതിനിടെയാണ് പരിഹാസവുമായി അന്‍വറും രംഗത്തെത്തിയിരിക്കുന്നത്.
ഈ കൊവിഡ് കാലത്ത് പ്രത്യേകതരം 'വാഴയെ ഒപ്പം കൂട്ടി' അതിന്റെ ഇലയില്‍ ബിരിയാണി പാഴ്‌സല്‍ വാങ്ങാന്‍ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത് എന്ന കുറിപ്പ് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'മേഡ് ഇന്‍ തൃത്താല' എന്ന പേരില്‍ വാഴയിലയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതേസമയം, താങ്കള്‍ ഒരു എം.എല്‍.എ ആണെന്നും നിലവാരം നഷ്ടപ്പെടുത്താതിരിക്കണമെന്നും അഭിപ്രായപ്പെട്ട് പോസ്റ്റിന് താഴെവന്ന കമന്റിനും അന്‍വര്‍ മറുപടി നല്‍കി. കള്ളപ്പരാതി കൊടുക്കും മുന്‍പ് ഒരു എം.പി ആണെന്ന സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്യാന്‍ അവിടെ പറഞ്ഞിട്ട് ഇങ്ങോട്ട് വന്നു പറയൂ സുഹൃത്തേ... അപ്പോള്‍ ആലോചിക്കാം എന്നും അന്‍വന്‍ കമന്റ് ബോക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രമ്യയും ബല്‍റാമും അടങ്ങുന്ന സംഘം ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. അതേസമയം, യുവാവ് കൈയില്‍ കയറിപ്പിടിച്ചെന്ന ആരോപണവുമായി രമ്യയും രംഗത്തെത്തി.
https://www.facebook.com/Malayalivartha





















