എവിടെപ്പോയി ആ 16000 രൂപയുടെ പേന?

കോട്ടയം സ്വദേശിയായ യുവാവിനു തായ്‌വാനില്‍ നിന്നു സുഹൃത്ത് അയച്ചു നല്‍കിയ പേന പാതിവഴിയില്‍ അപ്രത്യക്ഷമായി. കോട്ടയത്ത് ഇവന്റ് മാനേജ്‌മെന്റ് സംരംഭം നടത്തുന്ന യുവാവിനു സുഹൃത്ത് അയച്ച 16000 രൂപ വിലയുള്ള മൗണ്ട് ബ്ലാക്ക് പേനയാണു കാണാതായത്.
കഴിഞ്ഞ 12-നാണു തായ്‌വാനിലുള്ള സുഹൃത്ത് പേനയും ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള തുണിത്തരങ്ങളും ഇ.എം.എസ്. സ്പീഡ്‌പോസ്റ്റ് സംവിധാനത്തിലൂടെ കോട്ടയത്തേക്ക് അയയ്ക്കുന്നത്. ഇക്കാര്യം കോട്ടയത്ത് അറിയിക്കുകയും സാധനങ്ങളുടെ ചിത്രം അയച്ചു കൊടുക്കുകയും ജൂലൈ 17-നുള്ളില്‍ ലഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
പ്രതീക്ഷക്കു വിപരീതമായി പതിനേഴിനു പാഴ്‌സല്‍ ലഭിക്കാതിരുന്നതിനേത്തുടര്‍ന്ന് ബന്ധപ്പെട്ട കമ്പനിക്ക് ഇമെയില്‍ സന്ദേശം അയച്ചപ്പോള്‍ മറുപടിയായി ഒരു ഫോണ്‍ നമ്പര്‍ നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ പാഴ്‌സല്‍ 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 7.45നു മുംബൈയിലെത്തിയതായും 8.17-നു കൊച്ചിയിലേക്കു അയച്ചതായും കണ്ടെത്തി. 20-ാം തീയതി തിങ്കളാഴ്ചയും പാഴ്‌സല്‍ ലഭിക്കാതായതോടെ വീണ്ടും വിളിച്ചപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും രണ്ടാമത്തെ കസ്റ്റംസ് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അറിയിച്ചു.
ഒടുവില്‍ ഇന്നലെ 22-ാം തീയതി ബുധനാഴ്ച പാഴ്‌സല്‍ ബോക്‌സ് ലഭിക്കുമ്പോള്‍ തുണിത്തരങ്ങളും പേനയുടെ ഒഴിഞ്ഞ പായ്ക്കറ്റും മാത്രമാണുണ്ടായിരുന്നത്. തായ്‌വാനില്‍ നിന്നു അയച്ച പാഴ്‌സലിന്റെ പായ്ക്കറ്റ് തുറന്നുള്ള പരിശോധന മുംബൈയില്‍ നടക്കാതിരുന്നിട്ടും പേന നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നു യുവാവ് പറഞ്ഞു. പോസ്റ്റല്‍ അധികൃതര്‍ക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























