കോടതിയില്‍ കീഴടങ്ങിയ ആനവേട്ടക്കേസിലെ രണ്ടാം പ്രതി എല്‍ദോസിന്റെ ജാമ്യാപേക്ഷ തള്ളി

കുരുക്കുമുറുകുന്ന ആനവേട്ടക്കേസ്. കോടതിയില്‍ കീഴടങ്ങിയ ആനവേട്ടക്കേസിലെ രണ്ടാം പ്രതി എല്‍ദോസിന്റെ ജാമ്യാപേക്ഷ തള്ളി. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.
അഞ്ച് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് എല്‍ദോസിനെ. ഇയാളുള്‍പ്പെടെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ 9 പ്രതികളെയും അടുത്തമാസം ഏഴു വരെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ ആനവേട്ടക്കേസിലെ ഒന്നാംപ്രതി ഐക്കരമറ്റം വാസുവിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മനോജിനെ ചോദ്യം ചെയ്ത് വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു.
എല്‍ദോസിന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ തങ്ങളെ മര്‍ദ്ദിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും ആനയുടെ കൊമ്പ് ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോതമംഗലം ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 24 ഓളം പേരാണ് ഇതിനിടെ കസ്റ്റഡിയിലായത്. രണ്ടാം പ്രതിയായ എല്‍ദോസിന് കോടതിയില്‍ കീഴടങ്ങാന്‍ അവസരം നല്‍കണമെന്നും കീഴടങ്ങാന്‍ വരുമ്പോള്‍ അറസ്റ്റ് ചെയ്യരുതെന്നും എല്‍ദോസിന്റെ ജാമ്യാപേക്ഷ കീഴടങ്ങുന്നതിന് മുമ്പ് തന്നെ പരിഗണിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ പ്രിസ്റ്റണ്‍ സില്‍വ, വില്യം സില്‍വ , ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ കസ്റ്റഡയില്‍ വച്ച് തങ്ങള്‍ക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവരെയും എല്‍ദോസിനെയും വൈദ്യ പരിശോധനക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















