തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു

മുളങ്കുന്നത്തുകാവ് (തൃശൂര്‍) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ രോഗി തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഡോ. സി. ബിന്ദ്യ പ്രകാശിനാണ് അക്രമത്തില്‍ പരുക്കേറ്റത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൊര്‍ണൂര്‍ ഗണേശഗിരിയില്‍ പരക്കാട് വീട്ടില്‍ രാജേഷാണ് (32) പ്രകോപനം കൂടാതെ ഡോക്ടറെ ആക്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു ആക്രമണം. രോഗികളുടെ തിരക്ക് കഴിഞ്ഞതിനാല്‍ മേശയില്‍ തലവെച്ച് കസേരയില്‍ ഇരുന്നിരുന്ന ഡോക്ടറെ ഇയാള്‍ സമീപത്തിരുന്ന ഇരുമ്പു കൊണ്ടുള്ള ഐവി സ്റ്റാന്‍ഡ് കൊണ്ടു തലയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡോ. ബിന്ദ്യയുടെ കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. ഡോ. ബിന്ദ്യയ്ക്ക് തലയില്‍ അഞ്ച് തുന്നലുകളുണ്ട്. പരുക്ക് ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൗസ് സര്‍ജന്‍സിക്ക് ചേര്‍ന്ന് രണ്ടാം ദിനത്തിലാണു സംഭവം.
കാറിടിച്ചു പരുക്കേറ്റ നിലയിലാണു രാജേഷിനെ രാത്രി ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ക്കുശേഷം മുറിവു വച്ചുകെട്ടി നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി ഏറെ നേരത്തിനുശേഷമാണ് ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്‍മാര്‍ ഇന്നലെ ജോലി ബഹിഷ്‌ക്കരിച്ചു. ഹൗസ് സര്‍ജന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സമരമവസാനിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ളി വാസു വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ ഓഫിസിനു മുന്നില്‍ ഹൗസ് സര്‍ജന്‍മാര്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















