കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്കു കടന്നാല്‍ കേസ്; മുന്നറിയിപ്പുമായി കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം, അവശ്യ സർവീസുകൾക്ക് ഇളവുകൾ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നു കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇടവേളയ്ക്കു ശേഷം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെയാണിത്.
70 ശതമാനം പേര്‍ മാത്രമാണ് അതിര്‍ത്തിയില്‍ നിബന്ധനകള്‍ പാലിച്ച് എത്തുന്നതെന്നും അതിനാലാണ് ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ജി.എസ്. സമീരന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലേക്കു പ്രവേശിക്കാന്‍ ടിഎന്‍ ഇ പാസിനൊപ്പം 2 ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ നിര്‍ബന്ധമാണ്. ആംബുലന്‍സ്, രോഗികളുമായി പോവുന്ന വാഹനങ്ങള്‍, വിദ്യാഭ്യാസ ജോലി ഇന്റര്‍വ്യൂ, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ആവശ്യ സര്‍വീസുകള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്.
അതേസമയം, ഓണാവധിക്കു ശേഷം നാട്ടില്‍ നിന്നു മടങ്ങുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്. ദിനംപ്രതി മൂവായിരത്തോളം പേരാണ് അതിര്‍ത്തി കടന്നു പോവുന്നത്. ഒരാഴ്ചയോളം തിരക്കുണ്ടാകുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ടാസ്‌ക് ഫോഴ്‌സ് വോളന്റിയര്‍മാരെയും പരിശോധനയ്ക്കായി ചാവടി അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























