അമേരിക്ക തോറ്റോടിയിട്ടും... അമേരിക്ക തോറ്റ് പിന്മാറിയിട്ട് ദിവസങ്ങളായെങ്കിലും പഞ്ച്ഷീറിനെ പൂര്‍ണമായി തോല്‍പ്പിക്കാനാകാതെ താലിബാന്‍; പഞ്ച്ഷീര്‍ കീഴടക്കിയെന്ന് താലിബാന്‍ പറയുമ്പോഴും മസൂദും സലേയും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

രണ്ടാഴ്ചയിലേറെയായി ചെറുത്തുനില്‍ക്കുന്ന പഞ്ച്ഷീറും കീഴടക്കിയെന്നു താലിബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ വ്യോമസേന ഇവിടെ പ്രതിപക്ഷസഖ്യ സേനയുടെ ഒളിത്താവളങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം അഹമ്മദ് മസൂദും സലേയും സുരക്ഷിതരെന്നാണ് റിപ്പോര്‍ട്ട്.
താലിബാന്റെ ആദ്യഭരണ കൂടത്തിന് കീഴടങ്ങാതെ പോരാടുകയും 2001ല്‍ കൊല്ലപ്പെടുകയും ചെയ്ത മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദാണ് പ്രതിരോധ സേനയുടെ തലവന്‍. അദ്ദേഹവും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല. മസൂദിന്റെ കുടുംബാംഗങ്ങളില്‍ പലരും കൊല്ലപ്പെട്ടു. പ്രതിരോധ സേന വക്താവ് ഫഹിം ദഷ്ടിയും പ്രതിരോധ സേനയുടെ മുന്‍നിര പോരാളിയും അഹമ്മദ് മസൂദിന്റെ അനന്തിരവനുമായ ജനറല്‍ അബ്ദുള്‍ വുദൂദ് സാറയും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം അധികാരം പങ്കിടുന്നതിനെചൊല്ലി താലിബാനും ഹഖാനി ഭീകരരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിയേറ്റ മുല്ല അബ്ദുള്‍ ഘനി ബരാദറിനെ കുറിച്ച് വിവരമൊന്നുമില്ല. അദ്ദേഹം പാകിസ്ഥാനില്‍ ചികിത്സയിലാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുല്ല ബരാദറുമായി കാബൂളിലെത്തിയ പാകിസ്ഥാന്‍ ഐ.എസ്.ഐ മേധാവി ഫയിസ് ഹമീദ് കൂടിക്കാഴ്ച നടത്തിയെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
അതേസമയം രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വരയില്‍ നൂറുകണക്കിനു താലിബാന്‍കാരെ തടവുകാരായി പിടിച്ചെന്ന് പ്രതിപക്ഷ സഖ്യം ഇന്നലെ അവകാശപ്പെട്ടു. പ്രവിശ്യ അതിര്‍ത്തിയിലെ ഖവാക് ചുരത്തില്‍ ആയിരക്കണക്കിനു താലിബാന്‍കാരെ വളഞ്ഞുവച്ചതായും ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് അവര്‍ പിന്തിരിഞ്ഞോടിയതായും പ്രതിപക്ഷസഖ്യം വക്താവ് പറഞ്ഞു.
ആയിരത്തിലേറെ താലിബാന്‍കാര്‍ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. പഞ്ച്ശീറിലെ ഏഴില്‍ അഞ്ചു ജില്ലകളും പിടിച്ചെന്നാണു താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തതത്. താലിബാനെതിരെ ചെറുത്തുനില്‍പു തുടരുന്ന ഏക പ്രവിശ്യയാണു പഞ്ച്ശീര്‍.
പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ അഫ്ഗാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി മുന്നറിയിപ്പു നല്‍കി. താലിബാന് അധികാരം ഉറപ്പിക്കാനാകുന്നില്ലെങ്കില്‍ അല്‍ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകള്‍ പിടിമുറുക്കുന്നതിലേക്കാവും അതു നയിക്കുക എന്നും യുഎസ് ജനറല്‍ അഭിപ്രായപ്പെട്ടു. അതിനിടെ, ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ച ഖത്തറിന്റെ വിമാനം ഇന്നലെ കാബൂളിലിറങ്ങി.
അതേസമയം സൈനിക നടപടിയെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. ഓഗസ്റ്റ് 15നു താലിബാന്‍ അഫ്ഗാന്‍ പിടിച്ചശേഷം അയല്‍രാജ്യമായ ഇറാന്‍ അവരെ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. ബസാറക്കിലെ പ്രവിശ്യ ഗവര്‍ണറുടെ ഓഫിസ് വളപ്പില്‍ താലിബാന്‍ അംഗങ്ങള്‍ നിലയുറപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ സഖ്യ വക്താവ് ഫാഹിം ദഷ്‌തെ ഞായറാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കാബൂളില്‍നിന്ന് 144 കിലോമീറ്റര്‍ അകലെ ഹിന്ദുക്കുഷ് മലനിരകളുടെ താഴ്‌വാരമായ പഞ്ച്ശീര്‍ കീഴക്കിയതോടെ അഫ്ഗാനില്‍ താലിബാന്‍ പൂര്‍ണവിജയം നേടിയതായി താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം തള്ളിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ പോരാട്ടം തുടരുമെന്നു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























