കള്ളത്തോക്കുമായി കാശ്മീരികള്‍ തലങ്ങും വിലങ്ങും: സ്വപ്നയെ ശിവശങ്കര്‍ നിയമിച്ചതു പോലെ ... ആരും ഒന്നുമറിഞ്ഞില്ല!

ലൈസന്‍സില്ലാത്ത തോക്കുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് സംസ്ഥാനത്തെ പൊതു മേഖല ബാങ്കുകളും.
സെക്യൂരിറ്റി ജീവനക്കാരെ ബാങ്കുകള്‍ നേരിട്ട് നിയമിക്കാറില്ല. പകരം പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളെയാണ് നിയമിക്കാറുള്ളത് .ഇത്തരം സ്വകാര്യ ഏജന്‍സികള്‍ ആരെയാണ് ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാറുള്ളതെന്ന് ബാങ്കുകള്‍ അന്വേഷിക്കാറില്ല. അതായത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജോലിക്ക് നിയോഗിച്ച അതേ മട്ടിലാണ് നിയമനം.
സ്വകാര്യ ഏജന്‍സിയാണ് സ്വപ്ന സുരേഷിനെയും നിയമിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ സ്വകാര്യ ഏജന്‍സി പൂട്ടി. ഇത്തരത്തിലുള്ള ഔട്ട്‌സോസോഴ്‌സിംഗ് വലിയ അപകടങ്ങളാണ് കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി ആരംഭിച്ചു. ഒരു സ്വകാര്യ ഏജന്‍സിയുടെ 18 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയില്‍ പലതിനും എഡിഎമ്മിന്റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍. തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പരിശോധിക്കും.
നേരത്തെ തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ 5 തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മാസം 13 നാണ് കരമന പൊലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായായിരുന്നു ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുന്നത്. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു. ലൈസന്‍സില്ലാത്ത തോക്കുകള്‍ വലിയ തലവേദനയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്.
സെക്യൂരിറ്റിക്കാരുടെ ജോലിക്കാണ് സംഘം തോക്കിന്റെ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചതെന്നാണ് കരമന പൊലീസ് നിഗമനം. കാശ്മീരില്‍ ഒരു ഏജന്റ് വഴിയാണ് തരപ്പെടുത്തിയത്. തോക്കും കാശ്മീരില്‍ നിര്‍മ്മിച്ചതാണ്. വ്യാജ തോക്കുകളാണോയെന്ന് അന്വേഷിക്കുകയാണ്. അറസ്റ്റിലായവരുടെ പേരില്‍ തന്നെയാണ് തോക്കുകള്‍.പണം കൊടുത്താണ് ലൈസന്‍സും തോക്കും സ്വന്തമാക്കിയത്.
സ്വന്തമായി തോക്കും ലൈസന്‍സുമുള്ളവര്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ ജോലിക്ക് മുന്‍ഗണനയെന്ന് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ കമ്പനിയായ സിസ്‌കോ വാഗ്ദാനം ചെയ്തിരുന്നു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ മഹാരാഷ്ട്രയിലെ എസ്.എഫ്.വി എന്ന റിക്രൂട്ടിംഗ് കമ്പനിയിലെത്തുന്നത്. ലൈസന്‍സ് വ്യാജമാണെന്ന് കമ്പനി അധികൃതര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് സംഘത്തെ കേരളത്തിലേക്ക് വിട്ടു. വിദ്യാഭ്യാസം കുറവുള്ള ഇവരെ കേരളത്തില്‍ ലൈസന്‍സ് പരിശോധന പ്രശ്‌നമില്ലെന്ന് ആരോ വിശ്വസിപ്പിച്ചതാണെന്നും മറ്റ് സംഘങ്ങളുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ഐ.ബിയും മിലിട്ടറി ഇന്റലിജന്‍സും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കമ്പനിയെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാശ്മീരിലെ രജൗരി ജില്ലക്കാരായ സംഘം കേരളത്തിലെത്തിയിട്ട് ആറ് മാസമായി. ഇവര്‍ക്ക് മുമ്പ് ഇതേ ജോലി ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ ലൈസന്‍സും വ്യാജമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. നിരവധി കാശ്മീരി യുവാക്കള്‍ കേരളം,കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് ബാങ്കുകള്‍ക്ക് വേണ്ടി പണം നിറയ്ക്കുന്നവര്‍ ജോലി നല്‍കാനുമുണ്ട്.
എന്നാല്‍ പണം നിറയ്ക്കുന്ന ഏജന്‍സികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണ് പൊതു മേഖലാ ബാങ്കുകള്‍ പറയുന്നത്.കോടികണക്കിന് രൂപയാണ് ബാങ്കുകള്‍ ഇത്തരം ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
അതേസമയം മലയാളികളായ ലക്ഷകണക്കിന് വിമുക്ത ഭടന്‍മാര്‍ തൊഴില്‍ കിട്ടാതെ അലയുന്നുണ്ട്. പണം നിറയ്ക്കുന്ന ഏജന്‍സികളോട് ഇവരെ നിയമിക്കാന്‍ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാമെങ്കിലും അങ്ങനെ ചെയ്യാറില്ല.
കാശ്മീര്‍ ബന്ധമുള്ളവര്‍ കളത്തോക്കുമായി എത്തി കേരളത്തില്‍ എന്താണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സിന് ആശങ്കയുണ്ട്. അതു കൊണ്ടു തന്നെ സൂക്ഷ്മമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. തീവ്രവാദ സംഘടനകളുടെ സ്ലീപിംഗ് സെല്ലാണ് കേരളമെന്ന പല്ലവി കേന്ദ്ര ഏജന്‍സികള്‍ ആവര്‍ത്തിക്കുന്നതും ഗൗരവമായെടുക്കണം. പക്ഷേ നമ്മുടെ പോലീസ് ഇതൊന്നും അറിയുന്നതേയില്ല.
"
https://www.facebook.com/Malayalivartha

























