കേരള ബാങ്കില്‍ സി പി എമ്മിന്റെ കൂട്ട നിലവിളി.... സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയതോടെ ജീവനക്കാരെ മറന്നതായി പരിഭവപ്പെട്ട് നിലവിളിച്ച് സി പി എം സംഘടനകള്‍

സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയതോടെ ജീവനക്കാരെ മറന്നതായി പരിഭവപ്പെട്ട് നിലവിളിച്ച് സി പി എം സംഘടനകള്‍. അധികാരം കിട്ടിയതോടെ പാര്‍ട്ടി ഉച്ചാടനം തുടങ്ങിയ പിണറായി വിജയന്‍ ആദ്യം കേരള ബാങ്കിലെ സി പി എം സംഘടനയെയാണ് പൊളിച്ചത്.
കേരള ബാങ്കിന്റെ ചെയര്‍മാന്‍ സി പി എം നേതാവ് ഗോപി കോട്ടമുറിക്കലാണ്. പിണറായിയുടെ വിശ്വസ്തനാണ് അദ്ദേഹം. ചെയര്‍മാനെതിരെയാണ് ബാങ്കിലെ സി പി എം യൂണിയന്‍ രംഗത്തിറങ്ങിയത് .
പോപി കോട്ടമുറിക്കല്‍ അനങ്ങണമെങ്കില്‍ പിണറായി പറയണം. അതു കൊണ്ടു തന്നെ കേരള ബാങ്കിലെ ഉച്ചാടനം പിണറായി അറിഞ്ഞു കൊണ്ടു വേണം എന്നാണ് കരുതേണ്ടത്.
ചെയര്‍മാനായ ദിവസം മുതല്‍ യൂണിയനെ വിമര്‍ശിക്കുകയാണ് ചെയ ര്‍ മാന്‍. അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. സി പി എം രാഷ്ട്രീയ പറഞ്ഞു കൊണ്ട് ആരു വന്നാലും അവരെ അടുപ്പിക്കരുതെന്നാണ് ഉഗ്ര ശാസനം. രാജാവിനെക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ ഉഗ്രശാസനം അതേപടി നടപ്പിലാക്കുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റി എന്നിവയുടെ കത്തുകള്‍ കിട്ടിയാല്‍ കേരള ബാങ്കില്‍ എതിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണത്രേ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പുണ്യമായി കാണുന്ന പാര്‍ ട്ടി കത്തിന്റെ അവസ്ഥയാണിത്. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ യൂണിയന്‍ ഇടപെടരുത് എന്നാണ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശം.
യൂണിയന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിനെ വിമര്‍ശിച്ചതിന് വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതാണ് ഒടുവിലത്തെ സംഭവം. ജീവനക്കാരുടെ ആഭ്യന്തര വാട്സ് ആപ്പ് ഗ്രൂപ്പില്‍ കമന്റിട്ടതിനാണ് പ്രതികാര നടപടി. വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ജനറല്‍ മാനജരുടെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി. കേരളാ ബാങ്ക് കണ്ണുര്‍ റീജ്യനല്‍ ഓഫിസിന് മുന്‍പില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ഡിസ്ട്രിക്റ്റ് ബാങ്ക് എം പ്ളോയ്ഴ്സ് ഫെഡറേഷന്‍ (ബെഫി) യുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം കുത്തിയിരുപ്പ് സമരം നടത്തിയത്. ബെഫി സി പി എം സംഘടനയാണ്.
കേരള ബാങ്ക് കാസര്‍കോട് മെയിന്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി ഗീതയെ പാപ്പിനിശേരിയിലേക്കും സീതാംഗോളിയില്‍ അസി. മാനേജരായി ജോലി ചെയ്തുവരികയായിരുന്ന വി.ലീനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. ജീവനക്കാര്‍ മാത്രമുള്ള വനിതാ സബ് കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പ്രകടനം നടത്തിയതിന് ജനാധിപത്യവിരുദ്ധമായാണ് കേരളാ ബാങ്ക് മാനേജ്മെന്റ് ഭരണസമിതി വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയ തെന്ന് ഫെഡ റേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍ സരളാ ഭായ് ആരോപിച്ചു.
കൊവിഡ് കാലത്ത് അന്യായമായി ജീവനക്കാരെ സ്ഥലം മാറ്റരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിക്കുകയാണ് മാനേജ്മെന്റ് സീതാംഗോളി ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറ്റിയ ലീന വിധവയായ സ്ത്രീയാണ് ഇവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. ജിവനക്കാരുടെ ട്രാന്‍ഫര്‍ പോളിസി ഇനിയും കേരള ബാങ്കില്‍ ചര്‍ച്ച ചെയ്തിട്ടില്ല.
അതിന് മുന്‍പെടുത്ത ഈ തീരുമാനം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് സരളാ ഭായ് പറഞ്ഞു. ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. പ്രതിഷേധ സമരത്തിന് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി.എം മോഹനന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി സി.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏതായാലും പാര്‍ട്ടിയും ഭരണാധികാരികളും രണ്ടു തട്ടിലാണ് നീങ്ങുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അധികാരം കിട്ടുമ്പോള്‍ പാര്‍ട്ടിയെ മറക്കുന്നതാണ് ഇത്തരം ചെയ്തികള്‍ക്കുള്ള കാരണം. സി പി എം രാഷ്ട്രീയത്തില്‍ ഇത്തരം സമ്പ്രദായങ്ങള്‍ പതിവുള്ളതല്ല. എന്നാല്‍ സി പി എമ്മിലും ഇതെല്ലം ആവര്‍ത്തിക്കുന്നു.
"
https://www.facebook.com/Malayalivartha

























