ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി; അഭിനയത്തിലും സാങ്കേതിക ജ്ഞാനത്തിലും ഒക്കെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; മലയാളക്കരയുടെ പ്രിയ താരം മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രിമാർ

ഇന്ന് മലയാളക്കരയുടെ പ്രിയ താരം മമ്മൂട്ടിയുടെ ജന്മദിനമാണ്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രി വി ശിവൻകുട്ടിയും. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ;
പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം.
ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്.
തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ; മലയാളത്തിന്റെ ശ്രീത്വം ആണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ആത്മകഥയുടെ പേര് "ചമയങ്ങളില്ലാതെ" എന്നാണ്. അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ ഒട്ടും ചമയങ്ങൾ ഇല്ലാത്ത പച്ച മനുഷ്യനാണ് മമ്മൂട്ടി എന്നാണ് അനുഭവം.
ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ലോകം ആരാധിക്കുന്ന താരം ആയി വളരുക എന്നത് അത്ര എളുപ്പമല്ല. "പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ് " - മോഹൻലാൽ
മലയാളത്തിന്റെ, ഇന്ത്യയുടെ അഭിമാനമാണ് മമ്മൂട്ടി. മമ്മൂട്ടിയ്ക്ക് എപ്പോഴും ഒരു പുതുമുഖത്തിന്റ കൗതുകമാണ് എന്ന് പറയാറുണ്ട്. അഭിനയത്തിലും സാങ്കേതിക ജ്ഞാനത്തിലും ഒക്കെ കാലത്തിനനുസരിച്ച് മമ്മൂട്ടി സ്വയം നവീകരിക്കും.
മമ്മൂട്ടി ജീവിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നവർ എന്ന് നമുക്ക് അഭിമാനിക്കാം. ചരിത്രം അങ്ങിനേയും നമ്മെ വിലയിരുത്തും. ഇനിയും നിരവധി വർഷങ്ങൾ മലയാളിയുടെ വികാര വിചാരങ്ങളായി മമ്മൂട്ടി വെള്ളിത്തിരയിലും സമൂഹത്തിലും തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. ജന്മദിനാശംസകൾ... ഇനിയും കഥ തുടരും...
https://www.facebook.com/Malayalivartha

























