മഹാമാരിയും, സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ യശസ്സിനെ മാത്രമല്ല നിലനിൽപ്പിനെ പോലും അതീവ ഗുരുതരമായി ബാധിക്കുന്നു; ഗൗരവസ്വഭാവമുള്ള പ്രശ്നങ്ങളാണെന്ന തിരിച്ചറിവ് കേരളസർക്കാരിന് ഉണ്ടാവണം; ഒരു നിക്ഷേപകൻ പോലും കേരളത്തിലേക്ക് വരാത്ത സ്ഥിതിവിശേഷമാണിപ്പോഴുള്ളത്; കേരളത്തിലെങ്ങും അനിശ്ചിതത്വമെന്ന് കുമ്മനം രാജശേഖരൻ

കേരളത്തിലെങ്ങും അനിശ്ചിതത്വമെന്ന് കുമ്മനം രാജശേഖരൻ. കേരളത്തിൽ എല്ലാ രംഗങ്ങളിലും സംജാതമായിട്ടുള്ള അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും മൂലം പുനർനിർമ്മിതനവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പാടെ പൊലിഞ്ഞു വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
കേരളത്തിലെങ്ങും അനിശ്ചിതത്വം! കേരളത്തിൽ എല്ലാ രംഗങ്ങളിലും സംജാതമായിട്ടുള്ള അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും മൂലം പുനർനിർമ്മിതനവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പാടെ പൊലിഞ്ഞു വീഴുകയാണ്.
കൊറോണാ വ്യാപനം തടയുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന വേളയിലാണ് നിപാ വൈറസ് മൂലം 12കാരൻ മരണപ്പെട്ട ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആരോഗ്യക്ഷേമ പ്രവർത്തന രംഗത്തുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥ കേരളത്തെ ദുർഘട പൂർണമായ സാഹചര്യത്തിൽ എത്തിച്ചു.
മൂന്നുകൊല്ലം മുമ്പ് 17 ജീവൻ കവർന്ന നിപാ ദുരന്തത്തിന്റെ പാഠങ്ങൾ പഠിച്ചില്ല. വാഗ്ദാനം ചെയ്ത ഒരു വൈറോളജി ലാബ് പോലും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. ഒരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ അമ്പൊഴിഞ്ഞ ആവനാഴിയുമായി മഹാമാരിയോട് സർക്കാർ യുദ്ധം ചെയ്യുകയാണ്.
പൊള്ളയായ അവകാശവാദങ്ങളും മുടന്തൻ ന്യായങ്ങളായും കൊണ്ട് തടി തപ്പി രക്ഷപ്പെടാനാവില്ല. സ്ത്രീപീഡനത്തിന്റെ വേദനിപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിന്റെ യശസ്സിനെ വികൃതമാക്കി.
ഐ.എസ്.ആർ.ഓയിലേക്ക് കൊണ്ടുവന്ന സാധനസാമഗ്രികൾ തടഞ്ഞ് 10 ലക്ഷം നോക്കുകൂലി ചോദിക്കുവാനും, നാടിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ വെല്ലുവിളിക്കാനും ചില ശക്തികൾ തയ്യാറായി.
മഹാമാരിയും,സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ യശസ്സിനെ മാത്രമല്ല നിലനിൽപ്പിനെ പോലും അതീവ ഗുരുതരമായി ബാധിക്കുന്ന ഗൗരവസ്വഭാവമുള്ള പ്രശ്നങ്ങളാണെന്ന തിരിച്ചറിവ് കേരളസർക്കാരിന് ഉണ്ടാവണം.
ഒരു നിക്ഷേപകൻ പോലും കേരളത്തിലേക്ക് വരാത്ത സ്ഥിതി വിശേഷമാണിപ്പോഴുള്ളത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും, വികസന മുരടിപ്പ് ഉണ്ടാക്കുന്നതുമായ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha



























