നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം അഞ്ച് വര്‍ഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് ശിക്ഷാവിധിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.
തന്റെ വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്നാണ് പള്‍സര്‍ സുനി കോടതിയോട് ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ കരഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല നിരപരാധിയാണെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചത്. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞു. തന്റെ പേരില്‍ ഒരു പെറ്റി കേസുപോലുമില്ല വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താന്‍ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാര്‍ട്ടിന്‍ പറഞ്ഞു. മാര്‍ട്ടിന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് മൂന്നാം പ്രതി മണികണ്ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഒമ്പത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശേരിയായതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയില്‍ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവര്‍ക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തില്‍ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയില്‍ കരഞ്ഞു.
പള്‍സര്‍ സുനി അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പീഡിപ്പിച്ചത് പള്‍സര്‍ സുനി മാത്രമല്ലേ, അപ്പോള്‍ മറ്റ് പ്രതികള്‍ക്കും അതേ ശിക്ഷ തന്നെ എങ്ങനെ നല്‍കും കുറ്റത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. എല്ലാവരും ഒരേ രീതിയില്‍ കുറ്റത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ഏഴര വര്‍ഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റ ആവശ്യം. നിര്‍ഭയ കേസിന് സമാനമായ രീതിയിലല്ല ഈ കേസ് അതിനാല്‍ ശിക്ഷ കുറയ്ക്കണമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സുനി ഗൗരവകരമായ കുറ്റമാണ് ചെയ്തതെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം. ഒരു സ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലവും കോടതി പരിശോധിച്ചു.
പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടിയില്‍ എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ സുനി 37), തൃശൂര്‍ കൊരട്ടി പുതുശേരി ഹൗസില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി മണികണ്ഠന്‍(37), തലശേരി കതിരൂര്‍ മംഗലശേരിയില്‍ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പില്‍ എച്ച് സലിം (വടിവാള്‍ സലിം 30), തിരുവല്ല പഴയനിലത്തില്‍ പ്രദീപ് (31) എന്നിവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതേവിട്ടിരുന്നു.
കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , ബലപ്രയോഗം, ഐടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതല്‍ ആറുവരെ പ്രതികള്‍ക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനില്‍ക്കും. സിം കാര്‍ഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാര്‍ട്ടിനെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha



























