എല്ലാവരും കോടിയേരിക്ക് പിന്നാലെ... വിജയരാഘവന്റെ റോളെന്ത്?

എ.വിജയരാഘവന്‍ എന്ന സി പി എമ്മിന്റെ ആക്റ്റിംഗ് സെക്രട്ടറിക്ക് എ.കെ.ജി. സെന്ററില്‍ പുല്ലുവില. യാതൊരു ജോലിയുമില്ലാതെ വിജയരാഘവന്‍ ഇവിടെ കുത്തിയിരിക്കുമ്പോള്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ വിലസുന്നു.
വിജയരാഘവനെ ആരും പാര്‍ട്ടി കാര്യങ്ങള്‍ക്കായി ഫോണില്‍ പോലും വിളിക്കാറില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. എല്ലാവരും പിണറായിയെ വിളിക്കുന്നു. പിണറായിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ കോടിയേരിയെ വിളിക്കുന്നു.വിജയരാഘവനെ വിളിക്കാന്‍ ആരും നിര്‍ദ്ദേശിക്കാറില്ല.
പിണറായി കോടിയേരി അച്ചുതണ്ടാണ് സി പി എം നയിക്കുന്നത്. പിണറായി എന്തു പറഞ്ഞാലും അത് കോടിയേരി അനുസരിക്കും. വിജയരാഘവനും പിണറായിയും തമ്മില്‍ ഫോണ്‍ബന്ധം പോലും കുറവാണ്. പാര്‍ട്ടി കാര്യങ്ങള്‍ പിണറായി തീരുമാനിക്കുന്നത് കോടിയേരിയിലൂടെയാണ്.
പി. എസ്. പ്രശാന്തും കെ പി അനില്‍കുമാറും സി പി എമ്മിലെത്തിയത് കോടിയേരയില്‍ നിന്നും രക്ത ഹാരം സ്വീകരിച്ചു കൊണ്ടാണ്. ഇരുവരെയും പാര്‍ട്ടിയിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതും കോടിയേരി തന്നെയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി കോടിയേരി നിരന്തരം സംസാരിക്കുന്നുണ്ട്. കെ.സുധാകരനുമായി എതിരഭിപ്രായമുള്ള എല്ലാവരെയും സി പി എമ്മിലെത്തിക്കാനുള്ള ചുമതലയാണ് കോടിയേരിക്ക് പിണറായി നല്‍കിയിട്ടുള്ളത്.
സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി അനില്‍കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അനില്‍ കുമാറിനെ സന്തോഷപൂര്‍വം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും എകെജി സെന്ററില്‍ അനില്‍കുമാറിനെ സ്വീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ഇനി ഒരാളും പുറത്തുപോകില്ലെന്നാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ ഉരുള്‍പ്പെട്ടലാണിപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കെപിസിസി ഓഫീസിന്റെ താക്കോല്‍ വരെ സൂക്ഷിച്ച സംഘടനാ സെക്രട്ടറി തന്നെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയതെന്നും കോടിയേരി പറഞ്ഞു.
അനില്‍കുമാര്‍ വന്നത് പ്രലോഭനങ്ങളൊന്നുമില്ലാതെയാണ്. സിപിഎമ്മില്‍ അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും ലഭിക്കും. സിപിഎമ്മിനെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്‍കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കേരളത്തിന്റെ ഭാവിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതീക്ഷ കോണ്‍ഗ്രസ് അണികള്‍ക്ക് നഷ്ടപ്പെട്ടു. ദേശീയതലത്തിലും കോണ്‍ഗ്രസില്‍ തമ്മിലടിയും പ്രശ്‌നങ്ങളുമാണ്. സംസ്ഥാന കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്‌നങ്ങളാണുള്ളത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള തീരുമാനം പിണറായി എടുത്തു കഴിഞ്ഞു. എന്നാല്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയാല്‍ താന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നാണ് കോടിയേരിയുടെ നിലപാട്. ബിനീഷ് ജയിലില്‍ കിടക്കുമ്പോള്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയാവുന്നത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്നാണ് കോടിയേരി പറയുന്നത്. ബിനീഷിന് ഇതിനു മുമ്പ് തന്നെ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് കിട്ടാത്തതുകൊണ്ടാണ് കോടിയേരിയുടെ സ്ഥാനാരോഹണം വൈകുന്നത്.
കോടിയേരിയെ പാര്‍ട്ടി തലപ്പത്ത് അവരോധിക്കാന്‍ കഴിയാത്തതില്‍ ഖിന്നനാണ് പിണറായി വിജയന്‍.
ആരോടും പരിഭവമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് വിജയരാഘവന്‍. കോടിയേരി യുടെ പത്ര സമ്മേളനം കഴിയുമ്പോള്‍ പുട്ടിന് പീര പോലെ വിജയരാഘവനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. അനില്‍ കുമാറിന്റെ സി പി എം അംഗത്വത്തിലും ഇതു തന്നെ സംഭവിച്ചു. പക്ഷേ അദ്ദേഹത്തിന് ഒന്നിലും പരിഭവമില്ല. എല്ലാം നല്ല നിലയില്‍ നടക്കണമെന്നും തനിക്ക് ബുദ്ധിമുട്ടൊന്നും വരരുത് എന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
"
https://www.facebook.com/Malayalivartha


























