വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു, പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു അദ്ദേഹം
വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്.
പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഈ വര്‍ഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന.
2008 - ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
1957 ല്‍ തിരുവനന്തപുരത്ത് ജനനം. കേരള സര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎസ്സി (1977), എംഎസ്സി (1979) ബിരുദങ്ങള്‍ സ്വര്‍ണ്ണമെഡലോടെ നേടി. ആദ്യത്തെ ഗവേഷണ പേപ്പര്‍ ഇരുപതാം വയസ്സില്‍ ബിഎസ്സിക്ക് പഠിക്കുമ്പോള്‍ത്തന്നെ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.
"
https://www.facebook.com/Malayalivartha