ബാലഭാസ്കർ നമ്മുടെയൊക്കെ മനസ്സിലെ ഒരു നനുത്ത ഏടാണ്; അകാലത്തിൽ പൊലിഞ്ഞെങ്കിലും സംഗീതത്തെ ഇഷ്ടപ്പെട്ട മലയാളിയുടെ ഹൃദയത്തിലും കാതിലും ബാലഭാസ്കർ നിലനിൽക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ബാലഭാസ്കർ നമ്മുടെയൊക്കെ മനസ്സിലെ ഒരു നനുത്ത ഏടാണ്. അകാലത്തിൽ പൊലിഞ്ഞെങ്കിലും സംഗീതത്തെ ഇഷ്ടപ്പെട്ട മലയാളിയുടെ ഹൃദയത്തിലും കാതിലും ബാലഭാസ്കർ നിലനിൽക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പങ്കു വച്ച വാക്കുകൾ ഇങ്ങനെ; ബാലഭാസ്കർ നമ്മുടെയൊക്കെ മനസ്സിലെ ഒരു നനുത്ത ഏടാണ്. അകാലത്തിൽ പൊലിഞ്ഞെങ്കിലും സംഗീതത്തെ ഇഷ്ടപ്പെട്ട മലയാളിയുടെ ഹൃദയത്തിലും കാതിലും ബാലഭാസ്കർ നിലനിൽക്കും.
തിരുവനന്തപുരം സ്വദേശി എന്ന നിലയ്ക്ക് ബാലഭാസ്കറിന്റെ വളർച്ച നേരിൽ കണ്ടറിഞ്ഞ ആളാണ് ഞാൻ. മോഡൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അദ്ദേഹം പ്രതിഭ തെളിയിച്ചു. യൂണിവേഴ്സിറ്റി കോളേജ് അദ്ദേഹത്തിന്റെ ജീവിതത്തിലെ അടർത്താനാകാത്ത ഏടാണ്.
വയലിനിൽ മാന്ത്രികസംഗീതം തീർത്തു ബാലു. നാൽപതാം വയസ്സിൽ മടങ്ങുമ്പോഴും സംഗീതലോകത്ത് തന്റെതായ ഇടം സൃഷ്ടിച്ചു അദ്ദേഹം. ചിരിയും ലാളിത്യവും ആയിരുന്നു ബാലുവിന്റെ മുഖമുദ്ര. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽ പെട്ടു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളി കേട്ടത്.
വേദികളിൽ വയലിൻ കൊണ്ട് ഇന്ദ്രജാലം തീർക്കാൻ ബാലുവിനായിരുന്നു. വയലിനെ കുറിച്ച് മലയാളി അടുത്തറിഞ്ഞത് പോലും ബാലുവിൽ നിന്നായിരുന്നു. സങ്കീർണമായ സംഗീതം നിഷ്പ്രയാസം എന്ന് തോന്നിപ്പിച്ചാണ് ബാലു അവതരിപ്പിച്ചത്.
മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന ഖ്യാതി അദ്ദേഹത്തെ തേടിയെത്താൻ കാരണം ഈ മെയ്‌വഴക്കം ആകാം. ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ബാലു അർഹിക്കുന്ന അനുസ്മരണ ചടങ്ങാണ് ബാലുവിന്റെ സംഗീതം ഏറെ മുഴങ്ങിക്കേട്ട ക്യാമ്പസിൽ കൂട്ടുകാരും കോളേജ് വിദ്യാർത്ഥികളും ഒരുക്കിയത്.
https://www.facebook.com/Malayalivartha


























