ലഡാക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യ - ചൈന അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം ചൈന വര്‍ദ്ധിപ്പിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയുടെ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ

ലഡാക്കിൽ ചൈനയുടെ ഞെട്ടിക്കുന്ന നീക്കം . വേണ്ട സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ച് സൈനികമേധാവി. ലഡാക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യ - ചൈന അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം ചൈന വര്‍ദ്ധിപ്പിച്ചതായി ഇന്ത്യയുടെ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ വെളിപ്പെടുത്തി .
സ്ഥിതിഗതികള്‍ വിലയിരുത്തുവാൻ അതിര്‍ത്തിയിലെ സൈനികത്താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു . അതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് ഈ വിവരം പറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സംഘര്‍ഷബാധിതമായി കിടന്നിരുന്ന പ്രദേശങ്ങളില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഈ അവസരത്തിലാണ് ചൈന അതിര്‍ത്തിയിൽ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കൂടുതല്‍ സൈനികരെ നിയോഗിക്കുന്നത്. ചൈനയുടെ ഈ നീക്കം ഇന്ത്യ സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസമായി ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഈ മാസം നടക്കുന്ന 13ാം വട്ട സമാധാന ചര്‍ച്ചയ്ക്കു ശേഷം അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തെകുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും സൈനികമേധാവി വെളിപ്പെടുത്തി .
അതിര്‍ത്തിയില്‍ എന്ത് പ്രകോപനം നേരിടാനും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അയല്‍ രാജ്യത്തിന്റെ നീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും നരവാനെ വ്യക്തമാക്കി . ചൈനയുടെ നിലവിലെ സൈനിക ശക്തിക്ക് അനുസൃതമായ നവീകരണങ്ങള്‍ ഇന്ത്യന്‍ സൈന്യവും നടത്തുന്നുണ്ടെന്ന് നരവാനെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















