തൊഴിലാളി ക്ഷേമനിധി പദ്ധതി കാലോചിതമായി പരിഷ്കരിക്കുന്നതിനും ആകര്‍ഷകമാക്കുകയും ചെയ്യാൻ; ശ്രീ.മമ്മിക്കുട്ടി എം.എല്‍.എ, ഉന്നയിച്ചിരിക്കുന്ന സബ്മിഷന് മറുപടി

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ആനുകൂല്യ വിതരണം, ഭരണചെലവ് എന്നിവ വഹിക്കാന്‍ ബോര്‍ഡിന്റെ നിലവിലെ സാമ്പത്തികസ്ഥിതി അപര്യാപ്തമായതിനാല്‍, ഭൂവുടമാ വിഹിതവും തൊഴിലാളി വിഹിതവും വർദ്ധിപ്പിച്ചുകൊണ്ടും സർക്കാർ വിഹിതം നിലവിലുള്ള 5 രൂപ നിരക്കിൽ നിലനിർത്തി ക്കൊണ്ടും കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ആക്റ്റ് ഭേദഗതി വരുത്തുന്നതിന് 2020-ല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രസ്തുത ഓര്‍ഡിനന്‍സ് ബില്‍ ആക്കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരുന്നു. ആയതുപ്രകാരം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ അംശാദായം പ്രതിമാസം 5 രൂപയിൽ നിന്ന് 20 രൂപയാക്കി വർധിപ്പിച്ചതിനാല്‍ അംശദായം ശരാശരി 5 കോടിയിൽ നിന്ന് 12 കോടിയായി വർദ്ധിച്ചിട്ടുണ്ട്. ഭൂവുടമാവിഹിത ത്തിലെ വര്‍ദ്ധനവിനാല്‍ ബോര്‍ഡിന്റെ വരുമാനം ശരാശരി 2.5 കോടിയിൽ നിന്ന് 8.5 കോടിയായി വർദ്ധിച്ചിട്ടുണ്ട്.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അതിവര്‍ഷാനുകൂല്യം, വിവാഹ ധനസഹായം, പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, ചികിത്സാ ധനസഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്. മേല്‍ ബില്‍ നിയമമാക്കി പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിക്കുകയും അതിലൂടെ തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ നല്‍കുവാനും സാധിക്കുന്നതാണ്.
16/08/2021-ലെ സർക്കാർ ഉത്തരവ് (സാധാ)നം.986/2021/തൊഴില്‍ പ്രകാരം വിവാഹ ധനസഹായം 2000 രൂപയിൽ നിന്ന് 5000 രൂപയായും ചികിത്സാസഹായം 2500 രൂപയിൽ നിന്ന് 4000 രൂപയായും മരണാന്തരസഹായം 2000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. കാലാനുസൃതമായ രീതിയിൽ അതിവർഷാനുകൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ശിപാർശ ആര്‍2/80/2020/തൊഴില്‍ നമ്പര്‍ ഫയലില്‍ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്.
കുടിശ്ശികയായ അതിവർഷാനുകൂല്യം വിതരണം ചെയ്യാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 130 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ ഈ സാമ്പത്തിക വർഷം 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്രകാരം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുളള നടപടികള്‍ സജീവമായി സ്വീകരിച്ചുവരുന്നുണ്ട്.
https://www.facebook.com/Malayalivartha























