സാനിറ്റൈസർ കഴിച്ച് അവശനിലയിലായ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സാനിറ്റൈസർ കഴിച്ച് അവശനിലയിലായ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ നായർ (60) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ മോഹനൻ നായർ ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച അമിത അളവിൽ സാനിറ്റൈസർ കുടിച്ച മോഹനൻ നായരെ അവശനിലയിൽ ആയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ മോഹനൻ നായർ സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പേയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് ഇയാൾ സാനിറ്റൈസർ വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സമാനമായ രീതിയിൽ മുൻപും പേയാട് രണ്ടുപേർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























