അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിള്‍ നൽകാൻ നിർദ്ദേശം, കുഞ്ഞിന്‍റെ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിച്ചു, ദത്ത് വിവാദത്തിൽ തുടർനടപടി ക്രമങ്ങൾ അതിവേഗത്തിൽ

ദത്ത് വിവാദത്തിൽ നിർണ്ണായകമായ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിള്‍ നൽകാൻ നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ എത്തിച്ച് ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും.
കുഞ്ഞിന്‍റെ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം പൊസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമസമിതി തുടർനടപടികൾ എടുക്കും.
ദത്ത് വിവാദത്തിൽ തുടർനടപടി ക്രമങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുകയാണ്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎൻഎ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്‍റെ നിലപാട്.
അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ ഇപ്പോഴനുമതി നൽകാനാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ച് വരികയാണ്. നിയമപരമായി നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വഴി മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യാനാണ് നൽകിയിരിക്കുന്ന നിർദേശം. അനുപമയ്ക്ക് കുഞ്ഞിനെക്കാണാൻ നിയമപരമായ സാധ്യതയുണ്ടെങ്കിൽ അത് വേണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























