ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്.... മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങള്‍ക്ക് സമാപനം..... ഇന്നലെ രാവിലെ മുതല്‍ ക്ഷേത്ര നഗരിയില്‍ അഭൂതപൂര്‍വമായ ഭക്തജന തിരക്ക്.... ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തര്‍ നാളെ രാവിലെ ദ്വാദശി പണം സമര്‍പ്പിച്ച് മടങ്ങും

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങള്‍ ഇന്ന് സമാപനമാകും. ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാര്‍, ഗുരുവായൂര്‍ ശശി മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാകും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.
ഒരു ചാന്ദ്രമാസത്തില്‍ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉള്‍പ്പെടുന്നതാണ് വ്രതം.
തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളില്‍ പൂര്‍ണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്. അത് സാധിയ്ക്കാത്തവര്‍ തുളസീതീര്‍ത്ഥം സേവിച്ച് ദിവസം കഴിയ്ക്കുന്നു. പ്രഭാതസ്‌നാനത്തിനുശേഷം വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നതും ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം, വിഷ്ണുപുരാണം, നാരായണീയം മുതലായ വൈഷ്ണവഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും അത്യുത്തമം. ദ്വാദശിനാളില്‍ രാവിലെ കുളിച്ച് വിഷ്ണുക്ഷേത്രദര്‍ശനം നടത്തി പാരണ വിടുന്നതോടെ വ്രതം സമാപിയ്ക്കുന്നു.
രാവിലെ പത്തിന് പരയ്ക്കാട് തങ്കപ്പ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. സന്ധ്യയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടാകും.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ദശമി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു. പതിനഞ്ച് ദിനരാത്രങ്ങളായി മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം ഏകാദശി ദിവസമായ ഇന്ന് രാത്രി പത്തോടെ സമാപിക്കും.
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രമാകും ദര്‍ശനം അനുവദിക്കുക. അതേസമയം, നെയ്യ്വിളക്ക് ശീട്ടാക്കിയവര്‍ക്ക് തത്സമയം ദര്‍ശനം അനുവദിക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെര്‍ച്വല്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കും. നെയ്യ്വിളക്ക് ദര്‍ശനവും തല്‍സമയം തുടരും. പതിവ് പൂജ, ദീപാരാധന ചടങ്ങുകള്‍ക്ക് മാത്രമാകും നട അടക്കുക.
ദശമി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ 3-ന് മുതല്‍ ക്ഷേത്രനട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9-മണിവരെ തുറന്നിരിക്കും. പിന്നീട് വൈകിട്ട് 3.30 ന് മാത്രമേ ക്ഷേത്ര നട തുറക്കൂ. ദശമി ദിവസമായ ഇന്നലെ രാവിലെ മുതല്‍ ക്ഷേത്ര നഗരിയില്‍ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) ദ്വാദശിപ്പണം സമർപ്പിയ്ക്കൽ എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു.. ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തര്‍ നാളെ രാവിലെ ദ്വാദശി പണം സമര്‍പ്പിച്ചാണ് മടങ്ങുക.
" f
https://www.facebook.com/Malayalivartha