ഭർത്താവുപേക്ഷിച്ച യുവതിയുടെ പിന്നാലെ ലഹരി മാഫിയ; ഭർതൃവീട്ടുകാർ യുവതിയെ പുറത്താക്കി വീട് പൂട്ടിപ്പോയതിനെത്തുടർന്ന് വഴിയാധാരമായ യുവതി കഴിയുന്നത് ഷെൽട്ടർ ഹോമിൽ, അപരിചിത ഫോൺ നമ്പരിൽ നിന്ന് ലഹരി നൽകാമെന്ന് വാഗ്ദാനം നൽകിക്കൊണ്ടുള്ള സന്ദേശം വന്നത് യുവതിയുടെ വാട്‌സാപ്പിലേക്ക്

കൊച്ചിയിൽ ഗാർഹിക പീഡനത്തിന് പിന്നാലെ ഭർത്താവുപേക്ഷിച്ച യുവതിയുടെ പിന്നാലെ ലഹരി മാഫിയ. ഭർതൃവീട്ടുകാർ യുവതിയെ പുറത്താക്കി വീട് പൂട്ടിപ്പോയതിനെത്തുടർന്ന് വഴിയാധാരമായ യുവതി നിലവിൽ ഷെൽറ്റർ ഹോമിലാണ് കഴിയുന്നത്. യുവതിയുടെ വാട്‌സാപ്പിലേക്കാണ് ഇത്തരത്തിൽ അപരിചിത ഫോൺ നമ്പരിൽ നിന്ന് ലഹരി നൽകാമെന്ന് വാഗ്ദാനം നൽകിക്കൊണ്ടുള്ള സന്ദേശം വന്നത്. സന്ദേശത്തിനൊപ്പം മയക്കുമരുന്നിന്റെ ചിത്രവും അയയ്ക്കുകയായിരുന്നു. യുവതിയുടെ പേര് വിളിച്ചുകൊണ്ടാണ് വൈപ്പിനിൽനിന്ന് അരുണാണെന്ന് പരിചയപ്പെടുത്തുന്ന ആൾ അടുപ്പമുള്ള പോലെ സംസാരിച്ചത്.
എന്നാൽ അസ്വാഭാവികത തോന്നിയ യുവതി ഇതിന് പ്രതികരിച്ചില്ല. തുടർന്നുള്ള സന്ദേശത്തിൽ തെറ്റായ മെസേജ് അയച്ചതാണെന്നും മറ്റൊരു പെൺകുട്ടിയുടെ ചിത്രമയച്ച് അവരുടെ സുഹൃത്താണെന്നു കരുതിയാണ് സന്ദേശമയച്ചതെന്നും വ്യക്തമാക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ ഉണ്ടായ ഗാർഹിക പീഡനവും കടക്കെണിയും തുടങ്ങി നിരവധി പ്രശ്നങ്ങളുടെ നടുവിൽ ആശങ്കപ്പെട്ടിരിക്കുന്ന യുവതിയെ ഈ പ്രശ്നം കൂടുതൽ മാനസിക സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഫോണിലേക്ക് ഇത്തരത്തിൽ നിരന്തരമായി കോളുകളും സന്ദേശവും വരുന്നുണ്ട്.
തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാക്കി കുടുക്കാനുള്ള ശ്രമമാണെന്ന് യുവതി ആരോപിച്ചു. യുവതിയുടെ ഭർത്താവ് ലഹരിയുടെ അടിമയാണെന്ന് യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ മറ്റൊരു യുവതിയുടെ ചിത്രവും സാമൂഹ്യ മാധ്യമത്തിലൂടെ മോശമായി പ്രചരിക്കുന്നതിലും യുവതി ആശങ്ക പങ്കുവെച്ചു.
അതേസമയം ഗാർഹിക പീഡനകേസിൽ ഭർത്താവ് ഭാര്യക്ക് താമസ സൗകര്യമൊരുക്കികൊടുക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പത്തുദിവസത്തിനകം സൗകര്യമൊരുക്കി നൽകണമെന്നാണ് ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ കയറി താമസിക്കാം. അല്ലെങ്കിൽ സ്വന്തംനിലയിൽ വാടകവീട് കണ്ടെത്തി ഭർത്താവിൽനിന്ന് വാടക ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അനാഥയായ യുവതി പ്ലസ് ടു കഴിഞ്ഞതോടെയാണ് ജോലിതേടി കൊച്ചിയിലെത്തിയത്. ഇതിനിടെ പരിചയപ്പെട്ട യുവാവ് സൗഹൃദം നടിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പറയുന്നു. പൊലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രജിസ്‌റ്റർ വിവാഹംചെയ്യുകയുണ്ടായി. ഇതേതുടർന്ന് എടത്തലയിൽ വാടകക്ക് താമസിക്കുകയായിരുന്നു. പണവും സ്വർണവും തട്ടിയെടുത്ത ഭർത്താവ് ഇവരുടെ പേരിൽ ലോണുകളുമെടുത്തു.
പിന്നീട് യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നാണ് പരാതി. ആലുവ കോടതിയെ സമീപിച്ചപ്പോൾ വീട്ടിൽ കയറ്റാൻ ഉത്തരവിടുകയായിരുന്നു. ഇതുമായി കലൂരിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ വീട് പൂട്ടിപ്പോയി. തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചപ്പോൾ ഭർത്താവിനോടും മാതാപിതാക്കളോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവാവ് ബംഗളൂരുവിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ഇതേതുടർന്ന് വെള്ളിയാഴ്ച ഓൺലൈനായി ഹാജരാകാൻ ഉത്തരവിട്ടിരുന്നു. ഇതിൻെറ ഭാഗമായി ഉച്ചകഴിഞ്ഞ് ഭർത്താവ് യുവാവ് ഓൺലൈനായും ഇയാളുടെ പിതാവ് നേരിട്ടും ഹാജരായി. മാതാവ് ഹാജരായിരുന്നില്ല.
https://www.facebook.com/Malayalivartha